മുംബൈ : അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജരും നടിയും ആയിരുന്ന ദിശ സാലിയന്റെ ആത്മഹത്യയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. അന്വേഷണത്തിനായി സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു.
2020 ജൂൺ 8 ന് മുംബൈയിലെ മലാഡ് ഏരിയയിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു ദിശ. സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്യുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഈ സംഭവം നടന്നത്. ദിശയുടെ ആത്മഹത്യയിൽ ശിവസേന ഉദ്ദവ് ബാൽ താക്കറെ വിഭാഗം നേതാവും ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയ്ക്ക് ബന്ധമുള്ളതായി നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.
എസ്‌ഐടി ആയിരിക്കും ദിശയുടെ മരണത്തിൽ കൂടുതൽ അന്വേഷണം നടത്തുക. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആയിരിക്കും അന്വേഷണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ വ്യക്തമാക്കി. എക്‌നാഥ് ഷിൻഡെ വിഭാഗം എംഎൽഎമാരുടെ പ്രത്യേക ആവശ്യാനുസരണം ആണ് ദിശ സാലിയൻ ആത്മഹത്യ കേസിൽ വിശദമായ അന്വേഷണം നടത്തുന്നത്.
Discussion about this post