ന്യൂഡൽഹി : ആൾവാർ എംപി ആയിരുന്ന ബാബ ബാലക്നാഥ് ലോക്സഭാംഗത്വം രാജിവച്ചു. രാജസ്ഥാനിൽ ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെയാണ് ബാബ ബാലക്നാഥിന്റെ എംപി സ്ഥാനത്തുനിന്നുള്ള രാജി. അദ്ദേഹം രാജസ്ഥാൻ മുഖ്യമന്ത്രിയാകും എന്ന തരത്തിൽ നേരത്തെ ചില അഭ്യൂഹങ്ങൾ പരന്നിരുന്നു.
എന്നാൽ രാജസ്ഥാൻ ബിജെപിയുടെ നേതൃസ്ഥാനത്തേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായാണ് ബാബ ബാലക്നാഥിന്റെ രാജി എന്നാണ് സൂചന. ബാബ ബാലക്നാഥ് രാജസ്ഥാൻ ബിജെപിയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്നത് വഴി അദ്ദേഹത്തിന് വലിയ സ്വാധീനമുള്ള സമീപ സംസ്ഥാനമായ ഹരിയാനയിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്.
മഹന്ത് ബാലക്നാഥ് യോഗി എന്നറിയപ്പെടുന്ന ബാലക്നാഥ് ബാബ മസ്ത്നാഥ് സർവകലാശാലയുടെ ചാൻസലർ കൂടിയാണ്. കൂടാതെ ഹിന്ദു മതത്തിലെ നാഥ് വിഭാഗത്തിന്റെ എട്ടാമത്തെ തലവനാണ് അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആൾവാറിൽ നിന്നുമാണ് അദ്ദേഹം ജയിച്ചിരുന്നത്.
Discussion about this post