ബംഗളൂരു: തിരഞ്ഞെടുപ്പ് വേളയിൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് പണം കൊടുത്ത് വോട്ട് ചെയ്യിപ്പിക്കുന്നതിന് തുല്യമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് കർണാടക ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി നൽകി വിമുക്ത ഭടന്മാർ.
വിരമിച്ച നാല് സൈനിക ഉദ്യോഗസ്ഥരായ ബ്രിഗേഡിയർ രവി മുനിസ്വാമി, നായിബ് സുബേദാർ രമേഷ് ജഗതാപ്, നായിക് മണികണ്ഠ എ, ഹവൽദാർ ബസപ്പ പട്ടണഷെട്ടി എന്നിവരാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
ഇലക്ഷന് സമയത്തും തെരഞ്ഞെടുപ്പിന് ശേഷവും സൗജന്യങ്ങൾ നൽകി, രാഷ്ട്രീയ പാർട്ടികൾ അധികാരം നേടാനുള്ള കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുകയാണ് . കൂടാതെ തെരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങൾ പ്രഖ്യാപിക്കുകയും, തെരഞ്ഞെടുപ്പിന് ശേഷം അധികാരം ലഭിക്കുമ്പോൾ സൗജന്യങ്ങൾ, സമ്മാനങ്ങൾ എന്നിവ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇത് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം “പണം നൽകിയുള്ള വോട്ട്” അല്ലാതെ മറ്റൊന്നുമല്ല. രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ നൽകുമെന്ന പ്രഖ്യാപനം നിയമ വ്യവസ്ഥകൾക്കും ഇന്ത്യൻ ഭരണഘടനയ്ക്കും എതിരാണ്,” പൊതുതാൽപര്യ ഹർജിയിൽ പറയുന്നു.
ഗൃഹലക്ഷ്മി, ഗൃഹജ്യോതി, ശക്തി യോജന തുടങ്ങിയ സൗജന്യങ്ങൾ വാഗ്ദാനം ചെയ്താണ് കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അധികാരം പിടിച്ചെടുത്തതെന്ന് പൊതുതാൽപര്യ ഹർജിയിൽ വ്യക്തമാക്കി.
പ്രസ്തുത സൗജന്യങ്ങൾ കാരണം, സ്ഥാനാർത്ഥികളുടെ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാൻ കഴിയില്ല, ഇത് രാജ്യത്തിനെ കടുത്ത മോശം സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കുന്നു. എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളായ ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി (എസ്) എന്നിവരെയും ഹർജിയിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post