പെരുന്ന: എന്‍.എസ്.എസിനെ ആരും കാവി പുതപ്പിക്കാമെന്ന് കരുതേണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നെഞ്ച് വിരിച്ചുകാട്ടി എന്‍.എസ്.എസ്സിനെ ഭയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. സൗമ്യമായി സമീപിക്കുന്നവരെ സഹായിക്കും. എന്‍.എസ്.എസ്സിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ബി.ജെ.പി ശ്രമിക്കരുത്. ഇക്കാര്യത്തില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ്സിന് ഒരു പാര്‍ട്ടിയോടും ചായ്‌വില്ല. ബി.ജെ.പിക്കാര്‍ എന്‍.എസ്.എസ്സിനെക്കുറിച്ച് പഠിക്കാന്‍ തയ്യാറാകണം. ബി.ജെ.പിയിലെ എല്ലാ നേതാക്കള്‍ക്കും എന്‍.എസ്.എസ്സിനോട് ശത്രുതയില്ല. നേതാക്കള്‍ക്കിടയിലെ ന്യൂനപക്ഷം മാത്രമാണ് വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത്. ഇവരെ തിരുത്താന്‍ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍.എസ്.എസിന്റെ ആവശ്യങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
പെരുന്നയില്‍ 139ാം മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ട് ദിവസത്തെ മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വേദിയിലെ മുഖ്യ അതിഥിയാണ്. ഉച്ചക്ക് 2.15ന് മധുര ടി.എന്‍.എസ് കൃഷ്ണയുടെ സംഗീതസദസ്സ്, വൈകീട്ട് അഞ്ചിന് കഥാപ്രസംഗം, 7.30ന് ചലച്ചിത്ര പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്‍ നയിക്കുന്ന ഗാനമേള, രാത്രി 10.30 മുതല്‍ തിരുവല്ല ശ്രീവല്ലഭവിലാസം കഥകളി യോഗത്തിന്റെ മേജര്‍സെറ്റ് കഥകളി എന്നിവ നടക്കും. മന്നം ജയന്തി ദിനമായ ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം കര്‍ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
Discussion about this post