ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ കേസിൽ രാജ്യത്തെ 44 കേന്ദ്രങ്ങളിൽ ഒരേ സമയം എൻ ഐ എ പരിശോധന ആരംഭിച്ചു. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലാണ് പരിശോധനകൾ നടക്കുന്നത്. താനെ റൂറൽ, താനെ സിറ്റി, പൂനെ എന്നിവിടങ്ങളിൽ പരിശോധന തുടരുന്നു.
രാജ്യത്ത് വിവിധയിടങ്ങളിൽ സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് പരിശോധന. പൂനെയിലെ 2 ഇടങ്ങളിലും താനെ റൂറലിലെ 31 ഇടങ്ങളിലും താനെ സിറ്റിയിലെയും കർണാടകയിലെയും ഓരോ സ്ഥലങ്ങളിലുമാണ് നിലവിൽ പരിശോധനകൾ പുരോഗമിക്കുന്നത് എന്നാണ് റിപ്പോർട്ട്.
രാജ്യത്ത് ഭീകരാക്രമണങ്ങളും അക്രമങ്ങളും നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് ആസൂത്രണം ചെയ്ത നിരവധി പദ്ധതികൾ നേരത്തേ എൻ ഐ എ തകർത്തിരുന്നു. രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് കാസർകോട്ടെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സഹോദരങ്ങളുടെ വീട്ടിൽ രണ്ട് ദിവസം മുൻപ് എൻ ഐ എ പരിശോധന നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് കാസർകോട് ജില്ലാ അദ്ധ്യക്ഷൻ ആയിരുന്ന സി.ടി സുലൈമാന്റെ സഹോദരങ്ങളുടെ വീടുകളിലാണ് പരിശോധന നടന്നത്.
രാജ്യദ്രോഹ കേസിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ ആണ് സുലൈമാനെ എൻഐഎ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നായിരുന്നു ഇയാളെ പിടികൂടിയത്. അന്നേദിവസം ഇയാളുടെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.
Discussion about this post