ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള നിരീക്ഷണ പോസ്റ്റ് ഇസ്രയേൽ സേന ബോംബിട്ട് തകർത്തു. അതിർത്തിയിൽ ഇസ്രയേൽ സേനക്ക് നേരെ നടന്ന വെടിവെപ്പിന് തിരിച്ചടിയായിട്ടാണ് നടപടിയെന്ന് ഐഡിഎഫ് വൃത്തങ്ങൾ അറിയിച്ചു.
ടാങ്ക് വേധ മിസൈൽ വിക്ഷേപണ മേഖലക്ക് സമീപത്ത് നിന്നാണ് ഇസ്രയേൽ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായത്. സൈന്യം ഉടൻ പ്രത്യാക്രമണം നടത്തുകയായിരുന്നു. പ്രത്യാക്രമണത്തിൽ നിരീക്ഷണ പോസ്റ്റ് പൂർണമായും തകരുകയും അവിടെ ഉണ്ടായിരുന്ന മുഴുവൻ ഭീകരരും കൊല്ലപ്പെടുകയും ചെയ്തതായും ഐഡിഎഫ് വ്യക്തമാക്കി.
അതേസമയം, യുദ്ധം രൂക്ഷമായതോടെ നിൽക്കക്കള്ളിയില്ലാതെ പ്രതിദിനം നിരവധി ഹമാസ് ഭീകരരാണ് ഇസ്രയേൽ സൈന്യത്തിന് മുന്നിൽ കീഴടങ്ങുന്നതെന്ന് ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാറി അറിയിച്ചു. ഗാസയിലെ ഉത്തര- ദക്ഷിണ അതിർത്തികളിൽ ശക്തമായ ആക്രമണമാണ് ഇസ്രയേൽ സേന നടത്തുന്നത്. ജബാലിയ, ഷെജൈയ, ഖാൻ യൂനിസ് എന്നീ മേഖലകൾ ഇപ്പോൾ തങ്ങളുടെ നിയന്ത്രണത്തിലാണ് എന്നും ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നു.
എന്നാൽ ഇപ്പോഴും ചില മേഖലകളിൽ ഹമാസ് ഭീകരർ തുരങ്കങ്ങൾക്കടിയിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇവരെ ഓരോരുത്തരെയായി തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തുകയാണ് ഇസ്രയേൽ സേനയെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.












