ന്യൂഡൽഹി: മലയാളി മാദ്ധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എംകെ വിശ്വനാഥൻ (82) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ചയായിരുന്നു മരണം. രണ്ടാഴ്ച്ചകൾക്ക് മുൻപാണ് സൗമ്യ കൊലക്കേസിലെ പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
തന്റെ അറുപത്തി അഞ്ചാം വയസിലാണ് വിശ്വനാഥന് തന്റെ മകളെ നഷ്ടപ്പെട്ടത്. പതിനഞ്ച് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ നീതി കിട്ടുമ്പോഴേക്കും ആരോഗ്യ സ്ഥിതി അദ്ദേഹത്തെ തളർത്തി തുടങ്ങിയിരുന്നു. കോടതി വിധി വരുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ കിടന്നും നേരിട്ട് കോടതി വിധി കേൾക്കാനായി അദ്ദേഹത്തിന്റെ ബന്ധുക്കൾ ശ്രമം നടത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ആവശ്യം ബന്ധുക്കൾ കോടതിയെ അറിയിച്ചു.
28-ാമത്തെ വയസിൽ 2008ലാണ് സൗമ്യ കൊല്ലപ്പെട്ടത്. അന്നുമുതൽ എല്ലാ കോടതി നടപടികൾക്കും വിശ്വനാഥനും ഭാര്യയും കോടതിയിൽ എത്തിയിരുന്നു. നിയമപോരാട്ടം അവസാനിച്ച് മകൾക്ക് നീതി നേടിയെടുത്തതിന്റെ ചാരിതാർത്ഥ്യത്തിൽ അവളുടെ 41-ാം ജന്മ ദിനത്തിന്റെ അടുത്ത ദിവസമാണ് അദ്ദേഹം വിടപറയുന്നത്.
Discussion about this post