ന്യൂഡൽഹി: 2023 അവസാനിച്ച് പുതുവർഷം പുലരാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈ വർഷമത്രയും പലവിധ വിഷയങ്ങൾ നമ്മൾ കണ്ടും കേട്ടും അറിഞ്ഞു. പലതിനെകുറിച്ചും ഗൂഗിളിനോട് ചോദിച്ചു. എന്നാൽ ഇത്തവണ നമ്മൾ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും അധികം സെർച്ച് ചെയ്ത വിഷയങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ? ചന്ദ്രയാൻ-3യും ചാറ്റ് ജിപിടിയുമാണ് ഏറ്റവും അധികം ഇന്ത്യക്കാർ തിരഞ്ഞത്. ചന്ദ്രയാൻ 3യുടെ അഭിമാനവിജയമാണ് ഇന്ത്യക്കകത്തും പുറത്തുമുള്ളവർ ചന്ദ്രയാൻ-3 സെർച്ച് ചെയ്യാനുള്ള പ്രധാന കാരണം. ചാന്ദ്രയാന്റെ വിക്ഷേപണം മുതൽ ഭ്രമണപഥം ഉയർത്തലും ലാൻഡിംഗും എന്തിനേറെ പേടകത്തെ ഉറക്കിയത് വരെ ശ്വാസമടക്കിപിടിച്ച് ആളുകൾ സെർച്ച് ചെയ്ത് മനസിലാക്കി.
G20 ഉച്ചകോടിയുമായി ബന്ധപ്പെട്ടാണ് വാട്ട് ഈസ് സെർച്ച് ക്വറികൾ ഏറ്റവും കൂടുതൽ വന്നത്. കർണാടക തിരഞ്ഞെടുപ്പ്, യൂണിഫോം സിവിൽ കോഡ് എന്നിവ പ്രാദേശികമായും, അന്തർദേശീയ തലത്തിൽ ഇസ്രയേലിനെക്കുറിച്ചും, തുർക്കിയിലെ ഭൂകമ്പത്തെക്കുറിച്ചുമൊക്കെ ആളുകൾ തിരഞ്ഞു.
അന്തരിച്ച ഫ്രണ്ട്സ് സീരീസ് താരം മാത്യു പെറി, മണിപ്പുർ വാർത്തകൾ, ഒഡീഷയിലെ ട്രെയിൻ അപകടം എന്നിവയാണ് ഗൂഗിൾ സെർച്ചിന്റെ ഹിറ്റ് ലിസ്റ്റിൽ ഉള്ളത്.
ഗൂഗിളിന്റെ ഹൗ ടു ടാഗിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ചർമത്തെയും മുടിയെയും സൂര്യാഘാതത്തിൽ നിന്ന് രക്ഷിക്കാനുള്ള വഴിയായിരുന്നു. തങ്ങളുടെ സമീപ പ്രദേശത്തുള്ള ജിമ്മുകൾ, സുഡിയോ സ്റ്റോർ, ബ്യൂട്ടി പാർലറുകൾ, ഡെർമെറ്റോളജിസ്റ്റ് എന്നിവയും സെർച്ചിൽ മുകളിലാണ്
സിനിമകളിൽ, ഷാരൂഖ് ഖാന്റെ ‘ജവാൻ’ ദേശീയ തലത്തിൽ ഒന്നാമതായും അന്തർദേശീയ തലത്തിൽ മൂന്നാമതും ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ചിത്രം. ‘ഗദർ 2’, ‘പത്താൻ’ എന്നിവയും പ്രാദേശികവും ലോകമെമ്പാടുമുള്ള ട്രെൻഡിംഗ് ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്.
Discussion about this post