ന്യൂഡൽഹി : പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കുമായി എയർ ഇന്ത്യ പുതിയ യൂണിഫോം അവതരിപ്പിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് എയർ ഇന്ത്യ ജീവനക്കാരുടെ പുതിയ യൂണിഫോം അവതരിപ്പിച്ചത്. ബോളിവുഡ് ഡിസൈനർ ആയ മനീഷ് മൽഹോത്രയാണ് എയർ ഇന്ത്യയ്ക്കായി പുതിയ യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത്.
വർഷാവസാനത്തോടെ പുറത്തിറക്കുന്ന പുതിയ യൂണിഫോം എയർ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിലേക്കുള്ള അടയാളവും ശോഭനമായ ഭാവിയുടെ വാഗ്ദാനവുമാണെന്ന് എയർലൈൻ അറിയിച്ചു. ആത്മവിശ്വാസമുള്ള, ഊർജ്ജസ്വലമായ പുതിയ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ ഈ പുതിയ വേഷത്തിലൂടെ എയർ ഇന്ത്യ ജീവനക്കാർക്ക് കഴിയട്ടെ എന്നും എയർ ഇന്ത്യ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മനീഷ് മൽഹോത്ര തയ്യാറാക്കിയിരിക്കുന്ന ഈ നൂതന നിറങ്ങളുടെ സമന്വയം എയർ ഇന്ത്യയുടെ ഭാവിയിൽ ആവേശകരമായ ഒരു പുതിയ അധ്യായം രചിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ വ്യക്തമാക്കി. എയർ ഇന്ത്യയുടെ പുതിയ ഐഡന്റിറ്റി, സേവന തത്വങ്ങൾ, ആഗോള വ്യോമയാനരംഗത്ത് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനുള്ള പരിശ്രമം എന്നിവയുടെ സത്തയെ തികച്ചും ഉൾക്കൊള്ളുന്നതാണ് ഈ പുതിയ യൂണിഫോം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post