ജയ്പൂർ: സാധാരണക്കാരെ അധികാര കേന്ദ്രങ്ങളിലെത്തിച്ച് ജനാധിപത്യത്തിന്റെ മൂല്യം ഉയർത്തുന്ന ബിജെപി രാജ്യത്ത് വിസ്മയങ്ങൾ തീർക്കുന്നുവെന്ന് നിയുക്ത രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ ബന്ധുക്കൾ. ഭജൻലാൽ ശർമ്മയെ രാജസ്ഥാൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് ബിജെപിക്ക് നന്ദി പറയുകയാണെന്ന് ബന്ധു പ്രമോദ് ശർമ്മ വാർത്താ ഏജൻസിയോട് പറഞ്ഞു.
സാധാരണക്കാർക്ക് സുപ്രധാനമായ ചുമതലകൾ നൽകി ബിജെപി അവരെ ഉന്നത പദവികളിലേക്ക് ഉയർത്തുന്നു. ഇത്തരം അത്ഭുതങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മെ ഞെട്ടിക്കുകയാണ്. ഭജൻലാൽ തന്റെ ചുമതല ഭംഗിയായി നിറവേറ്റുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പ്രമോദ് ശർമ്മ പറഞ്ഞു.
അതേസമയം, നിയുക്ത രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ഗവർണർ കൽരാജ് മിശ്രയെ സന്ദർശിച്ച് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. നിയുക്ത ഉപമുഖ്യമന്ത്രിമാരായ പ്രേംചന്ദ് ബൈർവയും ദിയാ കുമാരിയും അദ്ദേഹത്തെ അനുഗമിച്ചു.
സംഗനേർ മണ്ഡലത്തിൽ നിന്നും ആദ്യമായി മത്സരിച്ച് എം എൽ എ ആയ ഭജൻലാൽ ശർമ്മയെ രാജസ്ഥാൻ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ബിജെപിയുടെ നടപടിയിൽ പാർട്ടി പ്രവർത്തകർ ആഹ്ലാദത്തിലാണ്. രാജസ്ഥാനിലെ ഭരത്പൂർ സ്വദേശിയായ ഭജൻലാൽ ആർ എസ് എസിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ്.
രാഷ്ട്ര മീമാംസയിൽ മാസ്റ്റർ ഡിഗ്രിയുള്ള ശർമ്മ നിലവിൽ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായ പുഷ്പേന്ദ്ര ഭരദ്വാജിനെ ഒന്നര ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
മുഖ്യമന്ത്രി സ്ഥാനം ഒരു പദവിയല്ല മറിച്ച് ചുമതലയാണ് എന്നാണ് ബിജെപിയിൽ തങ്ങളെ പഠിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രിയും ബിജെപി എം പിയുമായ കൈലാഷ് ചൗധരി പറഞ്ഞു. വരും നാളുകളിൽ രാജസ്ഥാനിലെ ജനങ്ങൾക്ക് സദ്ഭരണവും വികസനവും ആസ്വദിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post