പത്തനംതിട്ട : അനിയന്ത്രിതമായ തിരക്കും പോലീസിന്റെ അനാസ്ഥയും കാരണം ശബരിമല സന്നിധാനത്ത് സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുകയാണ്. നിലയ്ക്കൽ അടക്കമുള്ള പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് പല ഭക്തജനങ്ങളും. സന്നിധാനത്തേക്കോ പമ്പയിലേക്കോ എത്താൻ യാതൊരു സജ്ജീകരണങ്ങളോ സഹായമോ ഇല്ലാത്തതിനാൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി തേങ്ങയുടച്ചു മാലയൂരി നിരവധി ഭക്തരാണ് കണ്ണീരോടെ മടങ്ങിയത്.
ശബരിമലയിലെ സ്ഥിതിഗതികൾ അനിയന്ത്രിതമായിരിക്കുന്ന സാഹചര്യത്തിൽ വത്സൻ തില്ലങ്കേരി അടക്കമുള്ള ഹിന്ദു ഐക്യവേദി നേതാക്കൾ അടങ്ങിയ ആർഎസ്എസ് സംഘം നാളെ സന്നിധാനത്തേക്ക് എത്തും. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ആകാതെ ഹൈക്കോടതി പോലും ഇടപെട്ട സാഹചര്യത്തിലാണ് പോലീസ് അയ്യപ്പ ഭക്തരെ നിലക്കൽ തന്നെ തടയാൻ ആരംഭിച്ചത്. ഈ നടപടി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയായിരുന്നു.
മറ്റന്നാൾ ബിജെപി നേതാവ് കുമ്മനം രാജശേഖരനും സന്നിധാനത്തേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിൽ അയ്യപ്പഭക്തരെ തടഞ്ഞു വച്ചിരിക്കുന്നതിനാൽ വെള്ളമോ ഭക്ഷണമോ കിട്ടാതെ വലിയ ദുരിതത്തിലാണ് കുട്ടികൾ പോലും കഴിയുന്നത്. തിരക്ക് നിയന്ത്രിക്കാനും സുഗമമായ തീർത്ഥാടനം നടത്താനും യാതൊരുവിധ നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. നിലക്കലിൽ നിന്നും കെഎസ്ആർടിസി ബസിൽ അയ്യപ്പഭക്തരെ കന്നുകാലികളെ പോലെ കുത്തിനിറച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വിവിധ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ യാത്രയിൽ കുട്ടികളും പ്രായമായവരുമടക്കം നിരവധി പേർക്കാണ് പരിക്കുകൾ ഏറ്റിട്ടുള്ളത്.
Discussion about this post