എരുമേലി; പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിൽ എരുമേലിയിൽ ഇന്നും അയ്യപ്പൻമാരുടെ പ്രതിഷേധം. എരുമേലി – റാന്നി പാതയിൽ പോലീസ് സ്‌റ്റേഷനോട് ചേർന്നാണ് വൈകിട്ടോടെ പ്രതിഷേധം ആരംഭിച്ചത്. സ്വാമിമാർ സംഘടിച്ച് ശരണം വിളിച്ച് റോഡിലെ മറ്റ് വാഹനങ്ങളും ഉപരോധിക്കുകയായിരുന്നു.
പമ്പയിലെ തിരക്ക് കുറയ്ക്കാനെന്ന പേരിലാണ് എരുമേലിയിൽ വരെ തീർത്ഥാടകരുടെ വാഹനങ്ങൾ പിടിച്ചിട്ടത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും പോലീസ് കടത്തിവിടാതിരുന്നതോടെ അയ്യപ്പൻമാർ പ്രതിഷേധ സ്വരം ഉയർത്തുകയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുളള തീർത്ഥാടകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പോലീസ് ഇടപെട്ട് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ തയ്യാറായില്ല.
ഇന്നലെ വൈകിട്ടും സമാനമായ രീതിയിൽ പ്രതിഷേധമുയർന്നെങ്കിലും പോലീസ് ഇടപെട്ട് തീർത്ഥാടകരെ അനുനയിപ്പിക്കുകയായിരുന്നു. എരുമേലി – പമ്പ പാതയിൽ പലയിടത്തും തീർത്ഥാടകരുടെ വാഹനങ്ങൾ മൂന്ന് ദിവസങ്ങളായി മണിക്കൂറുകളോളം പിടിച്ചിടുന്ന സ്ഥിതിയാണ്. സമീപകാലത്ത് എങ്ങുമില്ലാത്ത രീതിയിലാണ് അയ്യപ്പ ഭക്തർ ഇക്കുറി വലഞ്ഞത്. സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അനാസ്ഥയാണ് ഇതിന് കാരണം.












