ന്യൂഡല്‍ഹി: സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ട രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഓര്‍മ്മകള്‍ക്ക് 22 വര്‍ഷം. പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട പ്രധാനമന്ത്രി അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ,കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ , ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ എന്നിവരും വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സേണിയ ഗാന്ധി എന്നിവരും പൂഷ്പാര്‍ച്ചന നടത്തി.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിന് നേരെ നടന്ന ആക്രമണത്തില്‍ രാജ്യം നടുങ്ങിയ ദിവസമായിരുന്നു 2001 ഡിസംബര്‍ 13. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പാര്‍ലമെന്റിനുനേരെയുണ്ടായ പാക് ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ചത് ഡല്‍ഹി പൊലീസിലെ അഞ്ചുപേരും പാര്‍ലമെന്റ് സുരക്ഷ സംഘത്തിലെ രണ്ടുപേരും ഒരു സിആര്‍പിഎഫ് ജവാനും ഒരു ജീവനക്കാരനും. ആഭ്യന്തരമന്ത്രാലയത്തിന്റെയും പാര്‍ലമെന്റിന്റെയും ലേബലുകള്‍ പതിച്ച കാറിലാണ് പാര്‍ലമെന്റിലേക്ക് ലഷ്‌കറെ തയിബ, ജെയ്‌ഷെ മുഹമ്മദ് എന്നി ഭീകരര്‍ നുഴഞ്ഞുകയറിയത്. പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം നൂറിലധികം പേര്‍ ഈ സമയം പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായിരുന്നു. ധീരമായി ചെറുത്തുനിന്ന സുരക്ഷാസേന, പാര്‍ലമെന്റംഗങ്ങള്‍ക്ക് ഒന്നും സംഭവിക്കാതെ സംരക്ഷിച്ചു.
അരമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തുവച്ച് എല്ലാ ഭീകരരെയും വധിച്ചു. അക്രമികളില്‍ ഒരാളായ അഫ്‌സല്‍ ഗുരുവിനെ 2013 ഫെബ്രുവരി ഒന്‍പതിന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി.
Discussion about this post