കേരളത്തെയാകെ ഞെട്ടിച്ച കൂടത്തായി കൊലക്കേസ് ഡോക്യുമെന്ററിയായി പുറത്തിറക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. ‘കറി ആൻഡ് സയനൈഡ്–ദ് ജോളി ജോസഫ് കേസ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ഡിസംബർ 22 നായിരിക്കും ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുക. ജോളിയുടെ ജീവിത കഥ പറഞ്ഞു കൊണ്ടാണ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ തുടങ്ങുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക ചാനലിൽ പുറത്തിറങ്ങിയ ട്രെയിലർ രണ്ട് മണിക്കൂറിൽ തന്നെ 25000 ലധികം ആളുകളാണ് കണ്ടത്.
ജോളിയുടെ അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരെയും അഭിഭാഷകനായ ബിഎ ആളൂരിനെയും ട്രെയിലറിൽ കാണാം. ജോളി പല രഹസ്യങ്ങളും ഇപ്പോഴും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പല കാര്യങ്ങളുടെയും ചുരുളഴിയാനുണ്ടെന്നും ട്രെയിലർ പറയുന്നുണ്ട്. ദേശീയ അവാർഡ് ജേതാവ് ക്രിസ്റ്റൊ ടോമിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ശാലിനി ഉഷാദേവിയാണ് കഥാകൃത്ത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചാന്ദ്‌നി അഹ്ലാവത് ദബാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: മൗമിത സെൻ, സൂപ്പർവൈസിംഗ് എഡിറ്റർമാർ: സാച്ച് കാഷ്കെറ്റ്, ജെയിംസ് ഹേഗുഡ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
2002 മുതല്‍ 2016 വരെയുള്ള കാലയളവിൽ നടന്ന ഒരേ കുടുംബത്തിലെ ആറ് പേരുടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത് 2019ലാണ്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. 2019 ജൂലൈയില്‍ റോയിയുടെ സഹോദരന്‍ നൽകിയ പരാതിയോടെയാണ് കൊലപാതകങ്ങൾ പുറംലോകമറിയുന്നതും ജോളി എന്ന കൊടും കുറ്റവാളി പിടിയിലാകുന്നതും. നേരത്തെ ജോളി കേസ് സീരിയലായും പുറത്ത് വന്നിരുന്നു.
Discussion about this post