ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വലിപ്പവും റെയിൽവേ ജോലിയുടെ ബുദ്ധിമുട്ടുകളും കാരണം ഇവിടെ ജോലിയിൽ ഒഴിവുകൾ ഉണ്ടാകുന്നതും അത് നികത്തുന്നതും തുടർച്ചയായ ഒരു പ്രവർത്തനമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റെയിൽവേയിൽ 294,115 ഒഴിവുകളാണ് നികത്തിയതെന്ന് മന്ത്രി പാർലിമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി. ഇവയിൽ 90 ശതമാനത്തോളം നിയമനവും നടത്തിയത് സുരക്ഷാ വിഭാഗത്തിലും ഓപ്പറേഷണൽ വിഭാഗത്തിലുമാണെന്നും അദ്ദേഹം അറിയിച്ചു.
റെയിൽവേയുടെ പതിവ് പ്രവർത്തനങ്ങൾ, സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ, യന്ത്രവൽക്കരണം, നൂതന സമ്പ്രദായങ്ങൾ എന്നീ വിഭാഗങ്ങളിൽ ആവശ്യത്തിന് മനുഷ്യശേഷി നൽകുന്നുണ്ട്. പ്രവർത്തനപരവും സാങ്കേതികവുമായ ആവശ്യങ്ങൾക്കനുസരിച്ച് റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി സഹകരിച്ചാണ് വേണ്ട ഒഴിവുകൾ നികത്തുന്നത്. 1.39 ലക്ഷത്തോളം നോൺ ഗസറ്റഡ് തസ്തികയിലേക്ക് 2.37 കോടിയിലധികം ഉദ്യോഗാർത്ഥികൾ ഉൾപ്പെടുന്ന രണ്ട് പ്രധാന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ അടുത്തിടെ നടത്തിയിരുന്നതായും മന്ത്രി വ്യക്തമാക്കി.
അതുപോലെ, CEN RRC 01/2019 (ലെവൽ 1) നായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 191 നഗരങ്ങളിലെ 551 കേന്ദ്രങ്ങളിൽ 15 ഭാഷകളിലായി അഞ്ച് ഘട്ടങ്ങളിലായി കഴിഞ്ഞ വർഷം നടന്നു. 1.11 കോടിയിലധികം ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. 2014-15 മുതൽ 2023-24 വരെയുള്ള കാലയളവിൽ, 489,696 ഉദ്യോഗാർത്ഥികളെ വിവിധ ഗ്രൂപ്പ് സി തസ്തികകളിലേക്ക് (ലെവൽ-1 ഉം സെക്യൂരിറ്റി സംബന്ധമായ തസ്തികകളും ഉൾപ്പെടെ) റെയിൽവേ റിക്രൂട്ട്‌മെന്റ് ഏജൻസികൾ നിയമിച്ചതായും അദ്ദേഹം അറിയിച്ചു.
Discussion about this post