അയോദ്ധ്യ: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാകുമ്പോൾ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും ഒത്തുചേർന്ന് ഈ ചരിത്ര നഗരത്തെ പരമ്പരാഗത സംസ്കാരത്തിന്റെയും ആധുനിക സൗകര്യങ്ങളുടെയും സമന്വയമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്
തനത് സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതോടൊപ്പം ആധുനികതയും ഉൾകൊള്ളുന്ന ഒരു രൂപമാറ്റം അയോദ്ധ്യക്ക് ലഭിക്കും, പുതിയ വിമാനത്താവളം, വാട്ടർ മെട്രോ തുടങ്ങിയ സൗകര്യങ്ങൾ പൊതു ഗതാഗതം മെച്ചപ്പെടുത്തുക മാത്രമല്ല നഗരത്തെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുകയും ചെയ്യും. അയോദ്ധ്യ വിമാനത്താവളം ഇതിനകം പൂർത്തീകരണ ഘട്ടത്തിലാണ്, ഡിസംബർ 25ന് ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഡിസംബർ 30ന് ആദ്യ വിമാനം വിമാനത്താവളത്തിൽ ഇറങ്ങും.
സരയൂ നദിയിൽ ഗുപ്തർ ഘട്ടിനും രാം കി പൈഡിക്കും ഇടയിലുള്ള പാതയിൽ വാട്ടർ മെട്രോ പ്രവർത്തിപ്പിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. അയോധ്യയെ ആത്മീയ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ഇത് സഹായിക്കും. ജനുവരി 22 ന് പ്രധാനമന്ത്രി മോദി അയോധ്യ വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തേക്കും. വാട്ടർ മെട്രോ ബോട്ടിൽ ഒരേസമയം 50 പേർക്ക് യാത്ര ചെയ്യാനാകും. സൗരോർജം ഉപയോഗിച്ചായിരിക്കും ഇത് പ്രവർത്തിപ്പിക്കുക. ജനങ്ങളുടെ ആവശ്യത്തെ അടിസ്ഥാനമാക്കി, ഭാവിയിൽ വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട ശേഷിയും സൗകര്യങ്ങളും വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
അയോദ്ധ്യയിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക മാത്രമല്ല യാത്രാസമയം കുറയ്ക്കുക കൂടിയാണ് വാട്ടർ മെട്രോയുടെ ലക്ഷ്യം. ജലാശയങ്ങളാൽ വേർതിരിച്ച രണ്ട് വ്യത്യസ്ത സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
വാട്ടർ മെട്രോയും അന്താരാഷ്ട്ര വിമാനത്താവളവും മികച്ച യാത്രാ സൗകര്യങ്ങളും ആയി നഗരവികസനത്തിന്റെ കാര്യത്തിൽ ഒരു കുതിപ്പ് തന്നെയാണ് അയോദ്ധ്യ നടത്തിയിട്ടുള്ളത്. ശ്രീരാമ ദേവനെ അദ്ദേഹത്തിന്റെ ഭവനത്തിൽ ഒരുനോക്ക് കാണുവാൻ എത്തുന്ന ഭക്തജനങ്ങളെ അയോദ്ധ്യാ നഗരം നിരാശരാക്കുകില്ല എന്ന് നിസംശയം പറയാം.
Discussion about this post