തൃശൂർ : തലവേദനയ്ക്ക് കുത്തിവെപ്പ് എടുത്തതിന് തൊട്ട് പിന്നാലെ ഏഴുവയസ്സുകാരന്റെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ചികിത്സ നടത്തിയ ഡോക്ടർക്കും നഴ്സിനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഡിസംബർ ഒന്നിനായിരുന്നു തൃശൂർ പാലയൂർ സ്വദേശി ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കാണിച്ചിരുന്നത്. ശക്തമായ തലവേദനയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടർ രണ്ട് കുത്തിവെപ്പുകൾ എടുക്കാനായി നിർദ്ദേശിക്കുകയായിരുന്നു.
അത്യാഹിത വിഭാഗത്തിലെ പുരുഷ നഴ്സ് ആയിരുന്നു കുട്ടിക്ക് കുത്തിവെടുത്തത്. ഒരു കുത്തിവെപ്പ് ഇടതു കൈയിലും മറ്റൊന്ന് അരക്കെട്ടിന് താഴെ ഇടതുഭാഗത്തും ആയാണ് നൽകിയത്. കുത്തിവെപ്പ് എടുത്ത സമയത്ത് തന്നെ കുട്ടിക്ക് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. ഈ വിവരം ഡോക്ടറെ അറിയിച്ചപ്പോൾ മാറിക്കോളും എന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
വൈകാതെ തന്നെ കുട്ടിക്ക് കാലുകൾക്ക് തളർച്ച അനുഭവപ്പെട്ടു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി. ഏറെ സമയം കഴിഞ്ഞിട്ടും മാറ്റമില്ലാത്ത ആയതോടെ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിൽ എത്തിച്ചു. മരുന്നു മാറിയതിനാലോ ഇൻജെക്ഷൻ ഞരമ്പിൽ കൊണ്ടതിനാലോ ആവാം കാലുകൾക്ക് തളർച്ച വന്നതെന്നാണ് ഈ ആശുപത്രിയിലെ ഡോക്ടർ കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് മാതാപിതാക്കൾ ചാവക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post