കൊല്ലം: നവകേരള സദസിന് വേദിയൊരുക്കാൻ ലോറി സ്റ്റാൻഡിൽ മാലന്യം തള്ളിയതായി ആരോപണം. ഇരവിപുരം നിയോജക മണ്ഡലത്തിലാണ് സംഭവം. നവകേരള സദസിന്റെ വേദിയായ കന്റോൺമെന്റ് മൈതാനത്തുകിടന്നിരുന്ന മാലിന്യമാണ് ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ഗോഡൗണിന് സമീപമുള്ള ലോറി സ്റ്റാൻഡിലേക്ക് തള്ളിയത്. 75 ലോഡിലേറെ മാലിന്യമാണ് തള്ളിയത്.
കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾ ശേഖരിച്ചിരുന്ന മാലിന്യം മുമ്പ് കന്റോൺമെന്റ് മൈതാനത്തായിരുന്നു ഇട്ടിരുന്നത്. ബാക്കി വന്ന പ്ലാസ്റ്റിക് മാലിന്യമടക്കം കുഴിയെടുത്ത് മൂടിയെന്നും ആക്ഷേപം ഉയരുന്നുണ്ട്. അറുപത്തിയഞ്ച് ലോറികളാണ് സ്റ്റാൻഡിൽ ഉള്ളത്. മാലിന്യം നിറഞ്ഞതോടെ ഈ ലോറികൾ ഇപ്പോൾ റോഡിലിടേണ്ട അവസ്ഥയാണ്. ഇതിന് ആരോട് പരാതി പറയുമെന്നാണ് തൊഴിലാളികളും നാട്ടുകാരും ചോദിക്കുന്നത്.












