സിഡ്‌നി : ഒരുകാലത്ത് ഓസ്ട്രേലിയയിലെ ഏറ്റവും മോശം അമ്മ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു കാത്‌ലീൻ ഫോൾബിഗ്. തന്റെ നാലു മക്കളെ നവജാതശിശുക്കൾ ആയിരിക്കെ തന്നെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് 20 വർഷമാണ് കാത്‌ലീൻ ഫോൾബിഗിനെ ജയിലിൽ അടച്ചത്. ഒടുവിൽ സംഭവം നടന്ന് 20 വർഷങ്ങൾക്കുശേഷം പറ്റിയ തെറ്റ് തിരിച്ചറിഞ്ഞിരിക്കുകയാണ് കോടതി. തുടർന്ന് കാത്‌ലീൻ ഫോൾബിഗിന്റെ ശിക്ഷ റദ്ദാക്കി കോടതി വെറുതെവിട്ടു.
1989 നും 1999 നും ഇടയിലുള്ള കാലഘട്ടത്തിൽ കാത്‌ലീൻ ജന്മം നൽകിയ നാല് മക്കൾ 20 ദിവസം മുതൽ ഒന്നര വയസ്സ് വരെയുള്ള പ്രായത്തിൽ മരണപ്പെട്ടിരുന്നു. നാലു കുഞ്ഞുങ്ങൾ തുടർച്ചയായി മരണപ്പെട്ടതോടെ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തി കുട്ടികളുടെ അമ്മയായ കാത്‌ലീൻ ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്നും കണ്ടെത്തി. കാലേബ്, പാട്രിക്, സാറ, ലോറ എന്നീ നാലു കുഞ്ഞുങ്ങൾ ആയിരുന്നു മരണപ്പെട്ടിരുന്നത്. വിചാരണ കഴിഞ്ഞ് 2003ല്‍ കോടതി കാത്‌ലീനെ 40 വർഷത്തെ തടവിന് ശിക്ഷിച്ചു.
മേൽക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിധി 30 വർഷത്തെ ശിക്ഷയാക്കി കുറച്ചു എന്നല്ലാതെ കേസിൽ വിശദമായ അന്വേഷണങ്ങൾ ഒന്നും നടത്തിയിരുന്നില്ല. എന്നാൽ കാത്‌ലീൻ നിയമ പോരാട്ടം അവസാനിപ്പിച്ചില്ല. ഒടുവിൽ നീണ്ട കാലത്തെ വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ വളരെ അസാധാരണമായി കാണപ്പെടുന്ന അപൂർവമായ ജീൻ മ്യൂട്ടേഷനുകൾ കാരണമാണ് കാത്‌ലീൻ ഫോൾബിഗിന്റെ കുഞ്ഞുങ്ങൾ മരിക്കാൻ ഇടയായതെന്ന് നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളിലൂടെ തിരിച്ചറിഞ്ഞു. ഇതോടെയാണ് 20 വർഷത്തെ ജയിൽവാസത്തിനുശേഷം കാത്‌ലീനെ കോടതി വെറുതെ വിട്ടിരിക്കുന്നത്.
“എന്റെ കുട്ടികൾ എങ്ങനെയാണ് മരിച്ചത് എന്നതിന് നവീകരിച്ച ശാസ്ത്രവും ജനിതകശാസ്ത്രവും എനിക്ക് ഉത്തരം നൽകി” എന്നാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയശേഷം കാരണമാണ് കാത്‌ലീൻ ഫോൾബിഗ് പ്രതികരിച്ചത്. 1999ൽ പോലും കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ ശാസ്ത്രീയമായി ഇത് തെളിയിക്കാമായിരുന്നു എന്നും കാത്‌ലീൻ അഭിപ്രായപ്പെട്ടു. കാത്‌ലീന് ഉണ്ടായ നഷ്ടങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും നഷ്ടപരിഹാരം നൽകണമെന്നാണ് ഈ വിധിയെക്കുറിച്ച് ഉയർന്നുവരുന്ന പൊതുജനാഭിപ്രായം.
Discussion about this post