റിയാദ് : യെമനിൽ ആക്രമണം നടത്തി സൗദി അറേബ്യ. യെമനിലെ തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയാണ് സൗദി അറേബ്യ വ്യോമാക്രമണം നടത്തിയത്. വിദേശ കപ്പലിൽ എത്തിച്ച ആയുധങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയത് എന്നാണ് സൗദി അറേബ്യ വ്യക്തമാക്കുന്നത്. യെമന് ആയുധങ്ങൾ എത്തിച്ചു നൽകിയത് യുഎഇ ആണെന്നും സൗദി അറേബ്യ ആരോപിച്ചു.
യുഎഇയിലെ ഫുജൈറയിൽ നിന്ന് മുഖല്ലയിൽ എത്തിയ കപ്പലുകളിൽ നിന്ന് ഇറക്കിയ കവചിത വാഹനങ്ങളെയും ആയുധങ്ങളെയും ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നാണ് സൗദി അറേബ്യ സ്ഥിരീകരിച്ചത്. സൗദി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇയുമായുള്ള സുരക്ഷാ കരാർ അവസാനിപ്പിക്കുന്നതായും യമനിലെ ഹൂതി വിരുദ്ധ സർക്കാർ അറിയിച്ചു.
അതേസമയം സൗദി അറേബ്യയുടെ ആരോപണങ്ങൾ യുഎഇ തള്ളി. ഫുജൈറയിൽ നിന്ന് അയച്ച ചരക്കിൽ സംശയാസ്പദമായ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും യെമനിൽ ഇറക്കിയ ചരക്ക് ഏതെങ്കിലും യെമൻ കക്ഷിയെ ഉദ്ദേശിച്ചുള്ളതല്ല എന്നും യുഎഇ സർക്കാർ വക്താവ് അഫ്ര അൽ ഹമേലി അറിയിച്ചു.










Discussion about this post