ചൈന നടത്തുന്ന വിലകുറഞ്ഞ സ്റ്റീൽ ഇറക്കുമതിക്ക് തടയിടാൻ സുപ്രധാന തീരുമാനമെടുത്ത് കേന്ദ്രസർക്കാർ.. ചൈനയിൽ നിന്നുള്ള സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് മൂന്ന് വർഷത്തേക്ക് കനത്ത ഇറക്കുമതി തീരുവ (Safeguard Duty) ഏർപ്പെടുത്തിക്കൊണ്ട് ധനമന്ത്രാലയം ഉത്തരവിറക്കി. ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ചൈനയിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ സ്റ്റീൽ വൻതോതിൽ ഇന്ത്യയിലേക്ക് എത്തുന്നതോടെ ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു (JSW) തുടങ്ങിയ ഇന്ത്യൻ കമ്പനികൾ വലിയ പ്രതിസന്ധിയിലായിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം തടയാൻ കഴിഞ്ഞ ഏപ്രിലിൽ 200 ദിവസത്തേക്ക് താൽക്കാലിക നികുതി ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്ന് വർഷത്തേക്ക് ദീർഘകാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം ഘട്ടം ഘട്ടമായുള്ള നികുതി നിയന്ത്രണമാണ് സർക്കാർ നടപ്പിലാക്കുന്നത്:
ആദ്യ വർഷം: 12% നികുതി
രണ്ടാം വർഷം: 11.5% നികുതി
മൂന്നാം വർഷം: 11% നികുതി
ഈ നടപടിയിലൂടെ ഇന്ത്യൻ സ്റ്റീൽ വിപണിയിൽ ചൈനീസ് ആധിപത്യം അവസാനിപ്പിക്കാനും ഇന്ത്യൻ കമ്പനികൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ വളരാനുള്ള സാഹചര്യം ഒരുക്കാനും സാധിക്കും
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ, തങ്ങളുടെ മിച്ചം വരുന്ന സ്റ്റീൽ കുറഞ്ഞ വിലയിൽ ഇന്ത്യയിലേക്ക് തള്ളി ആഭ്യന്തര നിർമ്മാണ മേഖലയെ തകർക്കാനാണ് ചൈന ശ്രമിച്ചത്. എന്നാൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിന്റെ (DGTR) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഈ നീക്കം പൊളിക്കുകയായിരുന്നു. ചൈനയ്‌ക്കൊപ്പം വിയറ്റ്നാം, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും ഈ നികുതി ബാധകമായിരിക്കും.











Discussion about this post