ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘന കേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രാജസ്ഥാൻ സ്വദേശികളായ മഹേഷ്, കൈലാഷ് എന്നിവരെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്. ‘ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിംഗ്’ എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. അന്വേഷണത്തിന് നേതൃത്വം നൽകാൻ പ്രത്യേക സെല്ലിന്റെ ആറ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.
മഹേഷും അക്രമത്തിൽ ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, ഇയാളുടെ കുടുംബം പിന്തിരിപ്പിക്കുകയായിരുന്നു എന്ന് സ്‌പെഷ്യൽ സെല്ലിന്റെ കൗണ്ടർ ഇന്റലിജൻസ് യൂണിറ്റിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി. കൂട്ടാളികളുടെ മൊബൈൽ ഫോണുകൾ കത്തിക്കാനും അഞ്ചാം പ്രതിയും മുഖ്യ സൂത്രധാരനുമായ ലളിത് ഝായയെ, ഇയാൾ ഡൽഹിയിൽ നിന്ന് രാജസ്ഥാനിലെ കുചമാനിൽ എത്തിയ ശേഷം മഹേഷ് സഹായിച്ചിട്ടുണ്ട്.
അതേസമയം, ഇന്നലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ലളിത് ഝായെ ചോദ്യം ചെയ്തിരുന്നു. മാസങ്ങൾക്ക് മുൻപ് തന്നെ ആക്രമണം നടത്താൻ ഒരുക്കങ്ങൾ തുടങ്ങിയതായി ചോദ്യം ചെയ്യലിൽ പ്രതി വ്യക്തമാക്കി. പാർലമെന്റിൽ പ്രവേശിക്കുന്നതിനായി എൻട്രി പാസ് ഏർപ്പാടാക്കാൻ കഴിയുന്ന എല്ലാവരോടും ലളിത് ആവശ്യപ്പെട്ടിരുന്നു. രാജസ്ഥാനിലെ ഹോട്ടലിലെ വാർത്താ ചാനലുകളിൽ നിന്നും പുറത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ചും പോലീസ് നീക്കങ്ങളും നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നതായും ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞു.
അതിനിടെ, പ്രതികളെ അടുത്ത ദിവസങ്ങളില്‍ പാർലമെന്റ് സമുച്ചയത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കുറ്റകൃത്യം എങ്ങനെയാണ് ചെയ്തത് എന്ന് വിശദീകരിക്കുന്നതിനായി ഇവരെ അന്വേഷണ സംഘം പാർലമെന്റിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post