ന്യൂഡൽഹി: ആദായ നികുതി വകുപ്പ് നടത്തിയ മാരത്തോൺ പരിശോധനയിൽ 350 കോടി രൂപ കണ്ടെടുത്ത കേസിൽ ആദ്യ പ്രതികരണവുമായി കോൺഗ്രസ് എം പി ധീരജ് സാഹു. പണം തന്റേത് മാത്രമല്ല, പാർട്ടിയുടേതുമല്ല. നിരവധി വ്യവസായങ്ങൾ കൈകാര്യം ചെയ്യുന്ന കുടുംബമാണ് തന്റേത്. പണം ഇത്തരത്തിൽ പെട്ട കമ്പനികളുടേതാണ്. സാഹു പറഞ്ഞു.
സാഹുവും കുടുംബാംഗങ്ങളും നിയന്ത്രിക്കുന്ന ബൗധ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ഡിസംബർ 6 ന് ആദായ നികുതി വകുപ്പ് ആരംഭിച്ച പരിശോധന ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് അവസാനിച്ചത്. ഒഡിഷയിലും ഝാർഖണ്ഡിലുമായി നടന്ന പരിശോധനകളിൽ ആകെ പിടിച്ചെടുത്തത് 353. 5 കോടി രൂപയാണ്. രാജ്യത്തെ ഏതെങ്കിലുമൊരു ഏജൻസി ഒറ്റത്തവണയായി പിടികൂടുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്.
ദിവസങ്ങൾ നീണ്ടു നിന്ന പരിശോധനകളുടെയും അലമാരകളിൽ നിറഞ്ഞിരിക്കുന്ന കള്ളപ്പണത്തിന്റെയും നോട്ടെണ്ണൽ യന്ത്രങ്ങളുടെയും വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെ ‘മണി ഹീസ്റ്റ്‘ വെബ് സീരീസിനോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപമിച്ചത്.
Discussion about this post