നാഗ്പൂർ : മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് 10 തൊഴിലാളികൾ മരണപ്പെട്ടു. സ്ഫോടനത്തിൽ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോംബുകളും മിസൈലുകളും ഉൾപ്പെടെയുള്ള പ്രതിരോധ ഉൽപന്നങ്ങൾ നിർമിക്കുന്ന സോളാർ എക്‌സ്‌പ്ലോസീവ് പ്ലാന്റിലാണ് അപകടമുണ്ടായത്.
നാഗ്പൂർ ജില്ലയിലെ ബസാർഗാവിലെ സോളാർ ഇൻഡസ്ട്രീസിന്റെ വ്യാവസായിക എക്‌സ്‌പ്ലോസീവ് വിഭാഗത്തിലാണ് സ്ഫോടനം നടന്നത്. ഞായറാഴ്ച രാവിലെ തൊഴിലാളികൾ പ്രതിരോധ ഉൽപന്നങ്ങൾ പായ്ക്ക് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് സോളാർ ഇൻഡസ്ട്രീസ് ചെയർമാൻ സത്യനാരായണ നുവൽ സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ പ്രതിരോധ വകുപ്പിന് ആവശ്യമായ സ്ഫോടകവസ്തുക്കളുടെയും മറ്റ് പ്രതിരോധ ഉപകരണങ്ങളുടെയും വിതരണം നടത്തുന്ന കമ്പനിയാണ് സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ്.
സോളാർ ഇൻഡസ്ട്രീസിൽ ഈ വർഷം ഉണ്ടാകുന്ന രണ്ടാമത്തെ അപകടം ആണിത്. ഈ വർഷം ഓഗസ്റ്റിൽ പ്ലാന്റിന് സമീപത്ത് മാലിന്യം സംസ്കരിക്കുന്നതിനിടെ ഉണ്ടായ തീപിടിത്തത്തിൽ ഒരു തൊഴിലാളി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post