ഡല്‍ഹി :മുതിര്‍ന്ന സിപിഐ നേതാവ് എ.ബി ബര്ദന് (92) അന്തരിച്ചു. ഡല്‍ഹിയിലെ ജെ.ബി.പന്ത് ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ ആദ്യവാരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അര്‍ത്ഥേന്ദു ഭൂഷണ് ബര്ദന് എന്ന എ.ബി. ബര്ദന് രാജ്യത്തെ ഇടതുപക്ഷ നേതാക്കളില്‍ ശ്രദ്ധേയനായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് വാദിച്ച നേതാക്കളില്‍ ഒരാളായിരുന്നു . ട്രേഡ് യൂണിയന് പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്.
1996 ല്‍ ഇന്ദ്രജിത്ത് ഗുപ്തയുടെ പിന്‍ഗാമിയായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. 2012 വരെ തുടര്‍ച്ചയായ 16 വര്‍ഷം സിപിഐയുടെ അമരത്ത് തുടര്‍ന്നു.
1957ല്‍ നാഗ്പുരില്‍ നിന്നു സ്വതന്ത്രനായി മല്‍സരിച്ചു ജയിച്ച ബര്ദന് മഹാരാഷ്ട്ര നിയമസഭാംഗമായി. എന്നാല്‍, 1967 ലും 1980 ലും നാഗ്പൂരില്‍ നിന്നു ലോക്സഭയിലേക്കു മല്‍സരിച്ചു പരാജയപ്പെട്ടിരുന്നു. ഓള് ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷന് നേതാവായിരുന്ന ബര്ദന് സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിട്ടുണ്ട്.
അദ്ദേഹം ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്തു തന്നെയാണു താമസിച്ചിരുന്നത്. ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഭാഗമായ ബാരിസാളില്‍ 1924 ല്‍ സെപ്റ്റംബര്‍ 24 നാണ് ബര്ദന് ജനിച്ചത്.
സംസ്കാരം തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കും. മൃതദേഹം ഞായറാഴ്ച രാവിലെ 10.30 ന് അജോയ് ഭവനില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.
Discussion about this post