മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ വീണ്ടും വധിക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്‌ണോയുടെ സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ പനവേലിൽ ആയിരുന്നു സംഭവം.
പനവേലിൽ ആണ് സൽമാൻ ഖാന്റെ ഫാം ഹൗസ്. ഇവിടെ വച്ച് കാറിൽ പോകുന്നതിനിടെ കൊലപ്പെടുത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാൽ ഇത് പോലീസ് തകർക്കുകയായിരുന്നു. ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ നാഹ്‌വി, അജയ് കശ്യപ്, വാസിം ചിൻക, ജാവേദ് ഖാൻ എന്നിവരാണ് അറസ്റ്റിലായത് എന്ന് പോലീസ് പറഞ്ഞു. സൽമാൻ ഖാന്റെ ഫാം ഹൗസിന് മുൻപിൽ നിരീക്ഷണം നടത്തുകയായിരുന്നു നാലംഗ സംഘം. ഇതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതോടെയായിരുന്നു പോലീസ് എത്തി അറസ്റ്റ് ചെയ്തത്.
എ.കെ 47 തോക്കുകൾ ഉപയോഗിച്ച് കാറിൽ പോകുന്നതിനിടെ കൊലപ്പെടുത്താൻ ആയിരുന്നു ഇവർക്ക് ലഭിച്ചിരുന്ന നിർദ്ദേശം. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്നും എ.കെ 47 തോക്കുകൾ പരിശീലിക്കുന്നതിന്റെ വീഡിയോകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പാകിസ്താനിൽ നിന്നുമാണ് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന് ആയുധങ്ങൾ ലഭിക്കുന്നതെന്നാണ് വിവരം. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആയുധ നിർമ്മാതാക്കളുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന് അജയ് കശ്വപ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൽമാൻ ഖാന്റെ ഫാം ഹൗസിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post