ചെന്നൈ : തമിഴ്നാടിനെ ദുരിതത്തിൽ ആക്കി വീണ്ടും കനത്ത മഴ തുടരുന്നു. തെക്കൻ തമിഴ്നാട്ടിലാണ് മഴ ശക്തി പ്രാപിച്ചിരിക്കുന്നത്. തിരുനെൽവേലി,കന്യാകുമാരി,തൂത്തുക്കൂടി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മിക്കയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മറ്റൊരു പ്രളയത്തിനുള്ള സാഹചര്യമാണ് നിലവിൽ ഈ പ്രദേശങ്ങളിലുള്ളത്.
ഇന്ന് രാവിലെ ആരംഭിച്ച ശക്തമായ മഴ വൈകുന്നേരം ആയിട്ടും തുടരുകയാണ്. മണി മുത്താറും താമരഭരണി നദിയും കര കവിഞ്ഞൊഴുകി.
തിരുനെൽവേലിയിലെ സർക്കാർ മെഡിക്കൽ കോളേജിലും പഴയ ബസ് സ്റ്റാൻഡിലും നഗരത്തിലെ പലവീടുകളിലും വെള്ളം കയറി. മേഖലകളിലും ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളം കയറിയ താഴ്ന്ന മേഖലയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ എൻഡിആർഎഫ് സംഘം ആരംഭിച്ചു.
ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ തെക്കന്‍ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. തിരുനെൽവേലിയിലെയും കന്യാകുമാരിയിലെയും പല സ്കൂളുകളും കല്യാണമണ്ഡപങ്ങളും ദുരിതാശ്വാസ ക്യാമ്പുകൾ ആക്കി മാറ്റിയിട്ടുണ്ട്. പാപനാശം ഡാം തുറന്നതിനാൽ തിരുനെല്‍വേലി ജില്ലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post