മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ എസ്എഫ്ഐ ബാനറുകൾ ജില്ലാ പോലീസ് മേധാവിയെ കൊണ്ട് തന്നെ അഴിപ്പിച്ച് ഗവർണർ. ഇന്ന് രാവിലെ ഈ ബാനറുകൾ ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു.
വൈകുന്നേരം ഗവർണർ തിരിച്ചെത്തിയപ്പോഴും ബാനറുകൾ ഇതേ സ്ഥലത്ത് തന്നെ ഇരിക്കുന്നത് കണ്ട് ഗവർണർ ക്ഷുഭിതനായി. എന്തുകൊണ്ടാണ് ഇത്രയും സമയമായിട്ടും ഇത് അഴിക്കാത്തത് എന്ന് അദ്ദേഹം പോലീസുകാരോട് ചോദ്യം ഉന്നയിച്ചു. തുടർന്ന് എസ്പി തന്നെ നേരിട്ട് എല്ലാ ബാനറുകളും അഴിച്ചു മാറ്റുകയായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകൾ മൂന്നിടത്തായിരുന്നു എസ്എഫ്ഐ സ്ഥാപിച്ചിരുന്നത്.
കാലിക്കറ്റ് സർവകലാശാല കവാടത്തിൽ നിന്നും ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് അടുത്തേക്കുള്ള 50 മീറ്റർ ദൂരപരിധിയിലാണ് ഗവർണർക്കെതിരായ മുദ്രാവാക്യങ്ങൾ എഴുതിക്കൊണ്ടുള്ള ബാനറുകൾ സ്ഥാപിച്ചിരുന്നത്. രാവിലെ തന്നെ ഈ ബാനറുകൾ അഴിച്ചു മാറ്റാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു.
എസ്എഫ്ഐയുടെ ഒരു ബാനർ അഴിച്ചുമാറ്റിയാൽ നൂറുകണക്കിന് ബാനറുകൾ സർവകലാശാലയിൽ പ്രത്യക്ഷപ്പെടുമെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ രാവിലെ മറുപടി നൽകിയത്. രാഷ്ട്രീയം മുദ്രാവാക്യങ്ങൾ മാത്രമാണ് എഴുതിയിരിക്കുന്നത് എന്നും ബാനറുകൾ അഴിച്ചുമാറ്റാൻ ഒരുതരത്തിലും അനുവദിക്കില്ലെന്നും ആർഷോ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഗവർണർ എസ്പിയെകൊണ്ട് തന്നെ ബാനറുകൾ അഴിച്ചുമാറ്റിപ്പിച്ചത്.
Discussion about this post