മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിലെ ഭരണസംവിധാനം പരാജയം ആണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐ ബാനറുകൾ ഉയർത്തിയത് അടക്കമുള്ള സംഭവങ്ങളെ തുടർന്ന് വൈസ് ചാൻസലറെ വിളിച്ചുവരുത്തി ഗവർണർ വിശദീകരണം തേടി. വി സിക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സംഭവങ്ങളെ കുറിച്ച് വിശദീകരണം നൽകാൻ ഗവർണർ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിശദീകരണം തൃപ്തികരം അല്ലെങ്കിൽ വി സിക്കെതിരെ സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണറുടെ നടപടി ഉണ്ടായേക്കാം. ഗവർണർ അഴിപ്പിച്ച ബാനർ വീണ്ടും ഉയർത്തിയതടക്കമുള്ള കാര്യങ്ങളിൽ കടുത്ത അതൃപ്തിയാണ് ഗവർണർ ഉന്നയിച്ചിട്ടുള്ളത്.
ഗവർണറെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാൻ വിമർശനമുന്നയിച്ചു.
സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊലീസ് പോസ്റ്ററുകൾ പതിപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ആരോപിച്ച് രാജ്ഭവൻ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു . മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
Discussion about this post