ചെന്നൈ:തമിഴ്‌നാട്ടില്‍ വീണ്ടും ആശങ്ക പരത്തി മഴ തുടരുന്നു. തൂത്തുക്കുടി ജില്ലയില്‍ മഴക്കെടുതിയില്‍ ഒരാള്‍ മരിച്ചു . ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. തുടര്‍ച്ചയായി പെയ്ത മഴയില്‍ തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകള്‍ വെള്ളത്തിലായി.
കനത്ത മഴയെ തുടര്‍ന്ന് ദുരിതബാധിത ജില്ലകളിലെ സ്‌കൂളുകള്‍, കോളേജുകള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. കൊമോറിന്‍ മേഖലയില്‍ ചുഴലിക്കാറ്റ് കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മന്ത്രിമാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി യോഗം നടത്തി. ദുരിതബാധിത ജില്ലകള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ആവശ്യമെങ്കില്‍ ആളുകളെ നേരത്തെ ഒഴിപ്പിക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മഴ ദുരിതം വിതയ്ക്കുന്ന ജില്ലകളില്‍ എട്ട് എന്‍ഡിആര്‍എഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയര്‍ ഫോഴ്‌സ് ജീവനക്കാരെയും വിന്യസിച്ചു. തൂത്തുക്കുടിയിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളും വന്ദേ ഭാരത് അടക്കം 17 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
മൈചോംഗ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് ചെന്നൈയും സമീപ ജില്ലകളും കരകയറുന്നതിനിടെയാണ് തെക്കന്‍ ജില്ലകളിലെ വെള്ളപ്പൊക്കം ഇപ്പോള്‍ രൂക്ഷമായത്.
Discussion about this post