ന്യൂഡൽഹി : ഡിസംബർ 19ന് ഇൻഡി സഖ്യം യോഗം ചേരാൻ ഇരിക്കെ ഇന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മിൽ കൂടിക്കാഴ്ച നടത്തും. ഇൻഡി സഖ്യത്തിലെ സഖ്യകക്ഷികളാണ് തൃണമൂൽ കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും. സഖ്യത്തിന്റെ യോഗത്തിന് മുൻപായി ഈ ഇരു പാർട്ടികളുടെയും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച നിർണായകമാണ്.
നാല് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്. ഡിസംബർ 20ന് രാവിലെ പാർലമെന്റിൽ വെച്ച് പ്രധാനമന്ത്രിയുമായും മമത ബാനർജി കൂടിക്കാഴ്ച നടത്തും.
ഇൻഡി സഖ്യത്തിന്റെ നാലാമത്തെ യോഗമാണ് 19ന് ഡൽഹിയിൽ വച്ച് നടക്കുന്നത്. തെലങ്കാന, മിസോറാം, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ യോഗം ആണിത്.
ഡിസംബർ ആറിന് ആയിരുന്നു പ്രതിപക്ഷ കക്ഷികളുടെ യോഗം ആദ്യം തീരുമാനിച്ചിരുന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുൾപ്പെടെയുള്ള സഖ്യത്തിലെ ഉന്നത നേതാക്കൾ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് യോഗം മാറ്റി വയ്ക്കുകയായിരുന്നു.
Discussion about this post