കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എ.ഐ.എസ്.എഫ് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്. ചാൻസലർ പങ്കെടുക്കുന്ന സർവകലാശാലയിലെ സെമിനാർ വേദിയിലേക്ക് ആയിരുന്നു എ.ഐ.എസ്.എഫ് മാർച്ച് സംഘടിപ്പിച്ചത്. എന്നാൽ പോലീസ് ഇവരെ തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനാണ് ചാൻസലർ ശ്രമിക്കുന്നതെന്ന് ആരോപിച്ച എ.ഐ.എസ്.എഫ് നാളെ സംസ്ഥാനവ്യാപകമായി പഠിപ്പു മുടക്കി സമരം നടത്തുമെന്ന് അറിയിച്ചു. അതേസമയം കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുക്കുന്ന ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ വീണ്ടും പ്രതിഷേധിച്ചു.
പ്രതിഷേധിക്കാനായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്ന് അകത്ത് കയറി സുരക്ഷാ വീഴ്ച സൃഷ്ടിച്ചു. കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കറുത്ത ബലൂണുകൾ ഉയർത്തിയുള്ള പ്രതിഷേധത്തിന് സമാനമായി എസ്എഫ്ഐയും കറുത്ത ബലൂണുകൾ ഉയർത്തി പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയും ഉണ്ടായി.
Discussion about this post