പനാജി:450 വര്‍ഷത്തെ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവ സ്വാതന്ത്ര്യം നേടിയിട്ട് 62 വര്‍ഷം.ഓപ്പറേഷന്‍ വിജയ് എന്ന നിര്‍ണായക സായുധ നീക്കത്തിലൂടെയാണ് 1961 ഡിസംബര്‍ 19 ന് ഗോവ സ്വതന്ത്രമാക്കപ്പെടുന്നത്.
ഗോവ വിമോചന ദിനത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നത്.ഗോവ മുഖ്യ മന്ത്രി പ്രമോദ് സാവന്ത് ദേശീയ പതാക ഉയര്‍ത്തി. ഗോവന്‍ വിമോചനത്തിനായി പോരാടിയവരെ അനുസ്മരിക്കുകയും ആദരമര്‍പ്പിക്കുകയും ചെയ്തു.
ഗോവ വിമോചന ചരിത്രം
1940കളുടെ തുടക്കം മുതല്‍ തന്നെ ഗോവന്‍ വിമോചനത്തിനായി പ്രദേശവാസികള്‍ സംഘടിച്ചിരുന്നു. സത്യാഗ്രഹ സമരങ്ങളും 1946ല്‍ രാം മനോഹര്‍ ലോഹ്യയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഗോവ വിമോചന പ്രസ്ഥാനവുമെല്ലാം സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ഭാഗമായിരുന്നു.1947-ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും പോര്‍ച്ചുഗീസുകാര്‍ ഗോവ വിട്ടുപോകാന്‍ തയാറായില്ല. നെഹ്‌റു സര്‍ക്കാര്‍ നടത്തിയ നയതന്ത്ര ചര്‍ച്ചകളൊന്നും വിജയം കണ്ടില്ല. ഇതോടെ ഗോവ, ദാമന്‍, ദിയു എന്നീ മൂന്ന് പോര്‍ച്ചുഗീസ് അധീന പ്രദേശങ്ങളെ സ്വതന്ത്രമാക്കാനായി ‘ഓപ്പറേഷന്‍ വിജയ്’ എന്ന സായുധസേന നീക്കത്തിലേക്ക് സര്‍ക്കാര്‍ കടന്നു. കര, നാവിക, വ്യോമ സേനകള്‍ പങ്കെടുത്ത 36 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ ഗോവയിലെ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന മാനുവല്‍ അന്റോണിയോ വസാലിയോ ഇ സില്‍വ ഡിസംബര്‍ 19ന് കീഴടങ്ങല്‍ ഉടമ്പടിയില്‍ ഒപ്പിട്ടു.
ഗോവയ്‌ക്കൊപ്പം ദാമന്‍, ദിയു എന്നീ പ്രദേശങ്ങളും പോര്‍ച്ചുഗീസുകാരില്‍ നിന്ന് മോചിപ്പിച്ചു. സൈനിക നീക്കത്തിന്റെ ഭാഗമായി പോര്‍ച്ചുഗീസുകാര്‍ പിന്‍വാങ്ങിയതോടെ ഗോവ, ദാമന്‍, ദിയു എന്നിവ കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറി. പിന്നീട് 1987ലാണ് ഇന്ത്യയുടെ 25-ാമത് സംസ്ഥാനമായി ഗോവയ്ക്ക് സംസ്ഥാന പദവി ലഭിക്കുന്നത്. ഗോവയിലെ ഇന്ത്യയുടെ പോരാട്ടത്തിന് നെടുനായകത്വം വഹിച്ചത് മലയാളിയായ ലഫ്റ്റനന്റ് ജനറല്‍ കെ.പി. കാന്‍ഡത്ത് ആയിരുന്നു.’ഗോവ വിമോചന നായകന്‍’ എന്നറിയപ്പെടുന്ന ഒറ്റപ്പാലം സ്വദേശിയായ കുഞ്ഞിരാമന്‍ പാലാട്ട് കാന്‍ഡത്ത് പിന്നീട് ഗോവയുടെ ആദ്യ ലഫ്റ്റനന്റ് ഗവര്‍ണറുമായി.
Discussion about this post