ഭോപ്പാൽ: ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം നീക്കംചെയ്ത് പകരം ബിആർ അംബേദ്കറുടെ ചിത്രം സ്ഥാപിക്കാനുള്ള മധ്യപ്രദേശ് നിയമസഭയുടെ തീരുമാനത്തിനെതിരെ ബഹളം. ഭരണകക്ഷിയായ ബി.ജെ.പി “രാഷ്ട്ര നിർമ്മാതാവിനോട്” അനാദരവ് കാണിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ്സ് ആണ് ബഹളം ഉണ്ടാക്കിയത്.
എന്നാൽ ഈ തീരുമാനം കഴിഞ്ഞ സമ്മേളനത്തിൽ തന്ന എടുത്തതാണെന്ന് വ്യക്തമാക്കി മധ്യപ്രദേശ് നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി എ പി സിംഗ് രംഗത്ത് വന്നു. നെഹ്‌റുവിന്റെ ഛായാചിത്രം വളരെ പഴക്കമേറിയതും കേടുപാടുകൾ സംഭവിച്ചതും ആയതിനാൽ കഴിഞ്ഞ സെഷനിൽ അത് മാറ്റി സ്ഥാപിക്കാൻ അന്നത്തെ സ്‌പീക്കർ ഗിരീഷ് ഗൗതം നിർദ്ദേശം നൽകിയിരുന്നു,” അദ്ദേഹം പറഞ്ഞു.
അംബേദ്കറുടെ 125-ാം ജന്മവാർഷികം ആചരിച്ചിരുന്നതിനാൽ, നെഹ്‌റുവിന് പകരം അദ്ദേഹത്തിന്റെ ഛായാചിത്രം സ്ഥാപിക്കാൻ സ്പീക്കർ നിർദ്ദേശിച്ചു, കൂടാതെ ലൈബ്രറിയിലെ ഗാന്ധി-നെഹ്‌റു വിഭാഗത്തിൽ നെഹ്‌റുവിന്റെ ഛായാചിത്രം മാന്യമായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
“ഇത് ഹ്രസ്വകാല സെഷനായതിനാൽ, ഈ മാറ്റം കോൺഗ്രസ് അംഗങ്ങൾ ശ്രദ്ധിച്ചിരിക്കില്ല,” അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ശില്പിയായ ഡോ. ഭീം റാവു അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ രാഷ്ട്ര നിർമ്മാതാവ് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം നീക്കം ചെയ്യാനുള്ള നീക്കത്തെ ശക്തമായി എതിർക്കുന്നതായും ‘സമൂഹമാധ്യമമായ എക്‌സിൽ ചെയ്ത ഒരു പോസ്റ്റിൽ കോൺഗ്രസ് പറഞ്ഞു
എന്നാൽ ഭരണഘടനാ ശില്പി അംബേദ്കറുടെ ഫോട്ടോ നിയമസഭയിൽ സ്ഥാപിച്ച നടപടി കോൺഗ്രസ് സ്വാഗതം ചെയ്യുന്നുണ്ടെങ്കിൽകോൺഗ്രസിന്റെ ഭരണകാലത്തൊന്നും അംബേദ്ക്കറുടെ ഫോട്ടോ എന്ത് കൊണ്ട് നിയമസഭയിൽ സ്ഥാപിതമായില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. രാഷ്ട്ര നിർമ്മാതാക്കളായ സർദാർ വല്ലഭായ് പട്ടേലിനെയും അംബേദ്കറിനെയും കുറിച്ച് ബി ജെ പി ഓര്മിപ്പിക്കുമ്പോൾ മാത്രം ഓർക്കുന്ന കോൺഗ്രസ് നെഹ്‌റു ഒഴികെയുള്ള എല്ലാ രാഷ്ട്ര നിർമ്മാതാക്കളോടും ചെയ്ത അവഗണന ചരിത്രം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്.
ആയിരക്കണക്കിന് നെഹ്‌റു സ്മാരകങ്ങളും, രാജീവ് സ്മാരകങ്ങളും, ഇന്ദിരാ സ്മാരകങ്ങളും ഉള്ള ഈ നാട്ടിൽ എത്ര സ്മാരകങ്ങൾ അംബേദ്‌കറിന്റെ പേരിൽ കോൺഗ്രസ് സ്ഥാപിച്ചിട്ടുണ്ട് എന്ന് മാറിയ കാലത്തിൽ കോൺഗ്രസിന്റെ പുതുതായി രൂപപ്പെട്ട ദളിത് സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ ഓർമ്മിക്കുന്നത് നന്നായിരിക്കും
Discussion about this post