ന്യൂഡൽഹി : രാജ്യത്തെ ടെലികോം മേഖലയിൽ വമ്പൻ അഴിച്ചുപണിക്ക് ഒരുങ്ങുന്ന കേന്ദ്രസർക്കാരിന്റെ ടെലി കമ്മ്യൂണിക്കേഷൻ ബിൽ 2023 രാജ്യസഭയും പാസാക്കി. ശബ്ദവോട്ടോടെ ആയിരുന്നു രാജ്യസഭ ബിൽ പാസാക്കിയത്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആയിരുന്നു സഭയിൽ ബിൽ അവതരിപ്പിച്ചത്. കഴിഞ്ഞദിവസം ലോക്സഭയിലും ടെലി കമ്മ്യൂണിക്കേഷൻ ബിൽ 2023 പാസായിരുന്നു.
ദേശീയ സുരക്ഷാ കാരണങ്ങളാൽ ടെലികോം സേവനങ്ങൾ താൽക്കാലികമായി കൈകാര്യം ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ടെലികമ്മ്യൂണിക്കേഷൻ ബിൽ. പൊതു അടിയന്തര ഘട്ടങ്ങളിലോ പൊതു സുരക്ഷയ്‌ക്കായോ ടെലികോം നെറ്റ്‌വർക്കിന്റെ നിയന്ത്രണം കേന്ദ്രസർക്കാരിന് പിടിച്ചെടുക്കാനും പുതിയ നിയമം വഴി കഴിയുന്നതാണ്. പ്രത്യേക സാഹചര്യങ്ങളിൽ സന്ദേശങ്ങൾ സംപ്രേഷണം ചെയ്യുന്നത് നിർത്താനും തടസ്സപ്പെടുത്താനും അനുവദിക്കുന്ന ബിൽ ടെലികോം മേഖലയിലെ ഘടനാപരമായ പരിഷ്കാരങ്ങൾക്കാണ് വഴി തുറക്കുന്നത്.
ദേശീയ സുരക്ഷ മുൻനിർത്തി ടെലികോം സേവനങ്ങളുടെ നിയന്ത്രണം താൽക്കാലികമായി ഏറ്റെടുക്കാനും സാറ്റലൈറ്റ് സ്പെക്‌ട്രം അനുവദിക്കുന്നതിന് ലേലരഹിത മാർഗം സ്വീകരിക്കാനും കേന്ദ്രസർക്കാരിനെ അനുവദിക്കുന്നതാണ് പുതിയ ബിൽ. ദുരന്തനിവാരണം ഉൾപ്പെടെയുള്ള ഏതെങ്കിലും പൊതു അടിയന്തര സാഹചര്യം ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ പൊതു സുരക്ഷയുടെ താൽപ്പര്യം മുൻനിർത്തിയോ ടെലികോം സേവനങ്ങൾ കേന്ദ്രസർക്കാരിന് നേരിട്ട് ഏറ്റെടുക്കാൻ കഴിയുന്നതാണ്.
സിമ്മുകളുടെ ദുരുപയോഗം തടയുന്നതിന് ബയോമെട്രിക് ഡാറ്റ വെരിഫൈ ചെയ്തതിനു ശേഷം മാത്രം സേവനം അനുവദിക്കണമെന്നും ബിൽ ശുപാർശ ചെയ്യുന്നു. വ്യക്തിത്വത്തിലോ മറ്റേതെങ്കിലും രീതിയിലോ വഞ്ചന നടത്തി സിമ്മോ മറ്റ് ടെലികോം ഉറവിടമോ നേടുന്ന ഒരാൾക്ക് മൂന്ന് വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ ലഭിക്കാവുന്ന വ്യവസ്ഥയും പുതിയ ടെലി കമ്മ്യൂണിക്കേഷൻ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post