‘പോക്കറ്റടിക്കാർ’ പരാമർശം ; രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം
ന്യൂഡൽഹി : രാഹുൽഗാന്ധിയുടെ ‘പോക്കറ്റടിക്കാർ’ പരാമർശത്തിൽ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, വ്യവസായി ഗൗതം അദാനി എന്നിവരെ പോക്കറ്റടിക്കാർ എന്ന് വിശേഷിപ്പിച്ചതിനാണ് രാഹുൽ ഗാന്ധിക്കെതിരെ നടപടിക്ക് ഒരുങ്ങുന്നത്. 8 ആഴ്ചയ്ക്കുള്ളിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി സ്വീകരിച്ചിരിക്കണമെന്നാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.
രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് നവംബർ 23 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. നവംബർ 26 ന് മുമ്പ് മറുപടി നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും യാതൊരു പ്രതികരണവും രാഹുൽഗാന്ധിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇതോടെയാണ് ഡൽഹി ഹൈക്കോടതി സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്.
തിരഞ്ഞെടുപ്പ് റാലിക്കിടയിൽ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും എതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയ രാഹുൽഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതു താൽപര്യ ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. വ്യക്തിഹത്യ പരാമർശത്തിന് രാഹുൽഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്നും രാഷ്ട്രീയ നേതാക്കളുടെ ഇത്തരം “പിഴവുകൾ” തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചിരുന്നത്.
Discussion about this post