റാഞ്ചി: ഝാർഖണ്ഡിൽ കമ്മ്യൂണിസ്റ്റ് ഭീകരർ റെയിൽവേ ട്രാക്കുകൾ ബോംബ് വെച്ച് തകർത്തു. മനോഹർപൂരിനും ഗോയിൽകേരക്കും ഇടയിലുള്ള ട്രാക്കുകളാണ് ഭീകരർ തകർത്തത്. ഇതോടെ ഹൗറ- മുംബൈ റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഝാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്നും 150 കിലോമീറ്റർ അകലെയായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. റെയിൽവേ ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്നും ഝാർഖണ്ഡ് പോലീസ് അറിയിച്ചു. ആക്രമണം നടന്ന പരിസരത്ത് നിന്നും മാവോയിസ്റ്റ് അനുകൂല ബാനറുകളും പോസ്റ്ററുകളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കമ്മ്യൂണിസ്റ്റ് ഭീകർ ഇന്ന് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം നൽകിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഝാർഖണ്ഡിന് പുറമേ അയൽ സംസ്ഥാനങ്ങളായ ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അക്രമാസക്തരായ കമ്മ്യൂണിസ്റ്റ് ഭീകരർ സുക്മയിൽ യാത്രാ ബസ് ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ അഗ്നിക്കിരയാക്കിയിരുന്നു. ബിജാപൂരിൽ അക്രമികൾ ഒരു പിക്കപ്പ് വാനും കത്തിച്ചിരുന്നു. ബേൽചാറിൽ കത്തുന്ന വിറകുകഷണങ്ങൾ റോഡിൽ വിതറി ഗതാഗതം തടസ്സപ്പെടുത്തിയ അക്രമികൾ മാവോയിസ്റ്റ് ലഘുലേഖകളും വിതറിയിരുന്നു.
Discussion about this post