പാൾ: മലയാളി താരം സഞ്ജു സാംസണിന്റെ ആദ്യ അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയുടെ കരുത്തിൽ മൂന്നാം മത്സരം വിജയിച്ച് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നേട്ടം ആഘോഷമാക്കി ഇന്ത്യ. സഞ്ജുവിന്റെ സെഞ്ച്വറിക്കൊപ്പം അർഷ്ദീപ് സിംഗിന്റെ നാല് വിക്കറ്റ് നേട്ടം കൂടി ചേർന്നതോടെ, 78 റൺസ് ജയവുമായാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ഇരുപക്ഷത്തും മികച്ച താരങ്ങൾ ഏറ്റുമുട്ടിയ പരമ്പര, ഇന്ത്യൻ താരങ്ങളും ദക്ഷിണാഫ്രിക്കൻ താരങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിലും ശ്രദ്ധേയമായി. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു അവസാന മത്സരത്തിൽ ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് ബാറ്റ് ചെയ്യാൻ ക്രീസിലെത്തിയപ്പോൾ നടന്ന സംഭവം.
ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ മുപ്പത്തിനാലാം ഓവറിലായിരുന്നു സംഭവം. കേശവ് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ഗ്രൗണ്ടിൽ ആദിപുരുഷ് എന്ന ഹിന്ദി ചിത്രത്തിലെ ‘റാം സിയാ റാം‘ എന്ന ഗാനം കേൾപ്പിച്ചു. വിക്കറ്റിന് പിന്നിൽ നിൽക്കുകയായിരുന്ന ഇന്ത്യൻ ക്യാപ്ടൻ കെ എൽ രാഹുൽ അപ്പോൾ നടത്തിയ പ്രതികരണം സ്റ്റമ്പ് മൈക്കുകൾ ഒപ്പിയെടുത്തത് ആരാധകർ ഏറ്റെടുക്കുകയായിരുന്നു.
‘കേശവ് ഭായ്, ഓരോ തവണ നിങ്ങൾ വരുമ്പോഴും അവർ ഈ പാട്ടാണല്ലോ കേൾപ്പിക്കുന്നത്‘ എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. രാഹുലിന്റെ വാക്കുകൾ ശരിവെച്ച കേശവ് മഹാരാജ് പുഞ്ചിരിയോടെ കുശലം പറഞ്ഞ ശേഷം ബാറ്റിംഗിന് തയ്യാറെടുക്കുകയായിരുന്നു.
https://twitter.com/LucknowIPL/status/1737920121568633241?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1737920121568633241%7Ctwgr%5E19baf2dfd9a245691cd33ea39f09cb820a9f2985%7Ctwcon%5Es1_&ref_url=https%3A%2F%2Fzeenews.india.com%2Fcricket%2Fkl-rahul-keshav-maharajs-stump-mic-conversation-over-ram-siya-ram-steals-the-show-in-ind-vs-sa-3rd-odi-video-goes-viral-2701703.html
ബാറ്റ് ചെയ്യാൻ എത്തിയപ്പോൾ മാത്രമല്ല, കേശവ് മഹാരാജ് ബൗൾ ചെയ്യാൻ എത്തിയപ്പോഴും ഗ്രൗണ്ടിൽ കേൾപ്പിച്ചത് അതേ ഗാനമായിരുന്നു. പാട്ടിനനുസരിച്ച് ഇന്ത്യൻ ആരാധകരും ദക്ഷിണാഫ്രിക്കൻ ആരാധകരും ഒരേ പോലെ ചുവട് വെക്കുന്നത് മത്സരത്തിന്റെ തത്സമയ സംപ്രേഷണത്തിന്റെ ഭാഗമായി ടിവി ചാനലുകളിൽ കാണിച്ചിരുന്നു.
Discussion about this post