ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ 9 വയസുകാരി പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതിന് രാഹുൽ ഗാന്ധിയെ വിമർശിച്ച് ഡൽഹി കോടതി. നിങ്ങൾ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടില്ല എങ്കിൽ കേസ് എടുക്കേണ്ടി വരുമെന്ന് കോടതി താക്കീത് നൽകി. തുടർന്ന് എത്രയും പെട്ടെന്ന് സമൂഹ മാദ്ധ്യമമായ എക്‌സിൽ ചെയ്ത പോസ്റ്റ് പിൻവലിച്ചു കൊള്ളാം എന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ വാക്കാൽ ഉറപ്പ് കൊടുത്തു.
ബലാത്സംഗത്തിനിരയായ 9 വയസുകാരി പെൺകുട്ടിയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ ട്വിറ്ററിൽ വെളിപ്പെടുത്തിയതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ ട്വിറ്ററിനും സിറ്റി പോലീസിനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് 2021 ൽ മഹാരാഷ്ട്ര ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകൻ മകരന്ദ് സുരേഷ് മദ്‌ലേക്കറാണ് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്
2015ലെ ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 74, 2012ലെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമം (പോക്‌സോ) സെക്ഷൻ 23(2) എന്നിവ രാഹുൽ ഗാന്ധി ലംഘിച്ചുവെന്ന് മകരന്ദ് സുരേഷ് മദ്‌ലേക്കർ ഹരജിയിൽ ആരോപിച്ചു. ഒരു കുറ്റകൃത്യത്തിന് ഇരയായ കുട്ടിയുടെ ഐഡന്റിറ്റി ഒരു സാഹചര്യത്തിലും വെളിപ്പെടുത്തരുതെന്നാണ് നിയമം അനുശാസിക്കുന്നത്.
വാദത്തിനിടെ, രാഹുൽ ഗാന്ധിയുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വിഷയം സങ്കീർണ്ണമാണെന്നും ഡൽഹി പോലീസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നാലാഴ്ചയ്ക്കകം അന്വേഷണവുമായി ബന്ധപ്പെട്ട് ‘മുദ്ര വച്ച തൽസ്ഥിതി റിപ്പോർട്ട്’ സമർപ്പിക്കാൻ ഡൽഹി പൊലീസ് അഭിഭാഷകനോട് കോടതി നിർദേശിച്ചു. കേസ് 2024 ജനുവരി 24 ന് വീണ്ടും പരിഗണിക്കും.
Discussion about this post