ന്യൂഡല്‍ഹി: മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ‘നിങ്ങൾ നിങ്ങളുടെ വാക്കുകൾ സൂക്ഷിക്കുക’ എന്ന് കേന്ദ്ര മന്ത്രി സ്റ്റാലിന് മുന്നറിയിപ്പ് നല്‍കി.
‘ഞങ്ങൾ ചോദിക്കുന്നത് ആരുടെയും അച്ഛന്റെ സ്വത്തല്ല, തമിഴ്‌നാട്ടിലെ ജനങ്ങൾ അടക്കുന്ന നികുതിയുടെ വിഹിതം മാത്രമാണ് ഞങ്ങൾ ചോദിക്കുന്നത്’ എന്നായിരുന്നു സ്റ്റാലിന്റെ വിവാദ പരാമര്‍ശം. ഇത് കൂടാതെ, തമിഴ്നാട് ഗവര്‍ണ്ണറുടെ സ്വത്തും താൻ ആവശ്യപ്പെട്ടിട്ടില്ല എന്നും സ്റ്റാലിന്‍ പറഞ്ഞു.
ഒരു മന്ത്രിയായിരിക്കുമ്പോൾ ഉദയനിധി സ്റ്റാലിൻ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്ന് നിർമ്മല സീതാരാമൻ ഓര്‍മ്മിപ്പിച്ചു. ‘അച്ഛന്റെ സ്വത്തിനെ കുറിച്ചാണ് സ്റ്റാലിന്‍ ചോദിക്കുന്നത്. പിതാവിന്റെ സ്വത്ത് ഉപയോഗിച്ച് ആണോ അദ്ദേഹം അധികാരം ആസ്വദിക്കുന്നത് എന്ന് എനിക്ക് ചോദിക്കാന്‍ കഴിയുമോ? ജനങ്ങളാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അതിനാൽ ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നില്ലേ? രാഷ്ട്രീയത്തില്‍ അച്ഛനെയും അമ്മയെയും കുറിച്ചുള്ള സംസാരം അനുവദിക്കില്ല’- നിർമല സീതാരാമൻ വ്യക്തമാക്കി.
കൂടുതൽ വളരാൻ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ ഉദയനിധി തന്റെ നാവിനെ സൂക്ഷിക്കണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമായ വാക്കുകൾ സംസാരിക്കുണമെന്നും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു.
അടുത്തിടെയുണ്ടായ മഴക്കെടുതിയിൽ കേന്ദ്രം സംസ്ഥാനത്തിന് 900 കോടി രൂപ നൽകിയിട്ടുണ്ടെന്നും ഇത് എന്റെ പിതാവിന്റെ പണമോ അദ്ദേഹത്തിന്റെ പിതാവിന്റെ പണമോ ആണെന്ന് ഞാൻ പറയുന്നില്ല എന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേര്‍ത്തു.
Discussion about this post