പത്തനംതിട്ട: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. വിവിധ
സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്ര 26ന് ശബരിമലയിലെത്തും. 27നാണ് മണ്ഡലപൂജ നടക്കുന്നത്. തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.
അതേസമയം, പുതിയ ബാച്ച് പോലീസ് സംഘത്തിലെ പകുതി പേർ ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. മണ്ഡല പൂജയോട് അനുബന്ധിച്ചു 100 പോലീസുകാരെക്കൂടി അധികം നിയോഗിക്കാനാണ് തീരുമാനം.
വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. പമ്പയിൽ നിന്ന് ആളുകളെ ഘട്ടംഘട്ടമായാണ് കടത്തിവിടുന്നത്. അവധിക്കാലമായതോടെ കുട്ടികളുടെ എണ്ണത്തിലും വർധനവുണ്ട്. വരും ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിങ്ങും 90000 ത്തിന് മുകളിലാണ് എത്തിയിരിക്കുന്നത്. ഇന്നലെ 96348 പേരാണ് പതിനെട്ടാം പടി ചവിട്ടിയത്.








