കൊല്ലം: കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് മറച്ച് വച്ചതായി പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദുകൃഷ്ണനാണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്. പത്തനാപുരം കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. സംഭവത്തിൽ കേസെടുക്കുന്നതിനെ കുറിച്ച് കോടതി പിന്നീട് തീരുമാനിക്കും.
അതേസമയം, ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ നാളെ അന്തിമ തീരുമാനമാകും. 29നാകും സത്യപ്രതിജ്ഞ നടക്കുക. പിണറായി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന വേഗത്തിൽ വേണമെന്ന് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് നേരത്തെ കത്ത് നൽകിയിരുന്നു.
സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ ഇടത് മുന്നണിയിലെ രണ്ട് ഘടകകക്ഷികൾ മറ്റ് രണ്ട് ഘടകകക്ഷികൾക്ക് മന്ത്രി പദവി കൈമാറണമെന്ന് നേരത്തേ തന്നെ ധാരണയായിരുന്നു. അഹമ്മദ് ദേവർകോവിലിന്റെ തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പുകളാണ് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറുക. ആന്റണി രാജു ഒഴിയുമ്പോൾ ഗതാഗതവകുപ്പ് ഗണേഷ് കുമാറിന് ലഭിക്കും.
Discussion about this post