സാൻഫ്രാൻസിസ്കോ: കാലിഫോർണിയയിലെ നെവാർക്കിലെ സ്വാമിനാരായൺ ക്ഷേത്രത്തിലെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളെ അപലപിച്ച് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ്.
‘കാലിഫോർണിയയിലെ നെവാർക്കിലുള്ള എസ്എംവിഎസ് ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധ ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിൽ ശക്തമായി അപലപിക്കുന്നു. സംഭവം ഇന്ത്യൻ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തി. വിഷയത്തിൽ ദ്രുതഗതിയിൽ അന്വേഷിച്ച് നടപടിയെടുക്കാൻ അധികാരികളോട് സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് ജനറലിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു.
ഖാലിസ്ഥാൻ വിഘടന വാദികളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറയിച്ചു. വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ നെവാർക്ക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് ക്ഷേത്രം അധികാരികൾ പറയുന്നത്.
ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഒരാളാണ് ക്ഷേത്ര മതിൽ കെട്ടിൽ കറുത്ത മഷിയിൽ ഹിന്ദു വിരുദ്ധവും ഇന്ത്യ വിരുദ്ധവുമായ ചുവരെഴുത്തുകൾ ആദ്യം കണ്ടത്. വിവരം ഉടൻ തന്നെ ക്ഷേത്രം അധികാരികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ക്ഷേത്രം അധികാരികൾ പ്രാദേശിക ഭരണകൂടത്തെ വിവരമറിയിക്കുകയായിരുന്നെന്ന് ക്ഷേത്രത്തിന്റെ വക്താവ് ഭാർഗവ് റാവൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ഇതിനായി സമീപത്തെ വീടുകളിലെ സിസടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post