പത്തനംതിട്ട : കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ വെച്ച് എസ്എഫ്ഐക്കാർ മർദ്ദിച്ചതായി പരാതി നൽകിയ വിദ്യാർത്ഥിനിക്കെതിരെ പോലീസ് എടുത്തത് മൂന്ന് കേസുകൾ. വാദിയെ പ്രതിയാക്കുന്ന ഈ പോലീസ് നടപടി വലിയ ആശ്ചര്യം ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് മൗണ്ട് സിയോൺ കോളേജിലെ എസ്എഫ്ഐക്കാരുടെ മർദ്ദനമേറ്റ് വിദ്യാർത്ഥിനി ആശുപത്രിയിലായിരുന്നത്. രാഷ്ട്രീയപക്ഷപാതം കാണിക്കുന്ന പോലീസിനെതിരെ രൂക്ഷമായ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
ആശുപത്രിയിലായ വിദ്യാർഥിനി എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ യാതൊരു നടപടിയും സ്വീകരിക്കാതെ സെറ്റിൽമെന്റ് ശ്രമങ്ങൾ നടത്തുകയായിരുന്നു. എന്നാൽ വിദ്യാർത്ഥിനി പരാതിയിൽ നിന്നും പിന്നോട്ട് പോയില്ല. തുടർന്ന് സഹപാഠിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയിൽ വിദ്യാർത്ഥിനിക്ക് നേരെ കേസെടുക്കുകയായിരുന്നു.
പട്ടികജാതി പട്ടികവർഗ്ഗ സംരക്ഷണ നിയമ പ്രകാരമാണ് എസ്എഫ്ഐക്കെതിരെ പരാതി നൽകിയ വിദ്യാർത്ഥിനിക്ക് എതിരായി പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഇരുപതാം തീയതിയാണ് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ് ഈ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. പരാതിയെ തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ സംഭവത്തിൽ പോലീസ് കേസെടുക്കുകയോ യാതൊരു തുടർനടപടികളും സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
മൂന്നുദിവസത്തോളം പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ വിദ്യാർഥിനിയുമായി പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഇതോടെയാണ് പോലീസിന് ഈ വിഷയത്തിൽ എഫ്ഐആർ ഇടേണ്ടി വന്നത്. എന്നാൽ അന്ന് രാത്രി തന്നെ പോലീസ് ഈ പെൺകുട്ടിക്ക് എതിരായും പ്രതിഷേധിച്ചവർക്ക് എതിരായും തിടുക്കത്തിൽ കേസ് എടുക്കുകയായിരുന്നു. ജാതിപ്പേര് വിളിച്ചു, പ്രതിഷേധ സമരം നടത്തി എന്നിങ്ങനെയുള്ള വിവിധ വകുപ്പുകൾ പ്രകാരം മൂന്നോളം കേസുകളാണ് എസ്എഫ്ഐക്കെതിരെ പരാതി നൽകിയ വിദ്യാർത്ഥിനിക്ക് നേരെ ഇപ്പോൾ പോലീസ് എടുത്തിരിക്കുന്നത്.
Discussion about this post