തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ജനങ്ങൾക്ക് നന്മവരുത്തുന്ന എന്തെങ്കിലും കാര്യം സിൽവർലൈൻ പദ്ധതിയിൽ ഉണ്ടോയെന്ന് സുധീരൻ ചോദിച്ചു.
സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നവരുടെ ലക്ഷ്യം കമ്മീഷനാണെന്നും വി എം സുധീരൻ വ്യക്തമാക്കി.
സിൽവർലൈൻ വിരുദ്ധ സമിതിയുടെ സെക്രട്ടറിയേറ്റിന് മുന്നിലെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു വി എം സുധീരൻ പദ്ധതിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. സിൽവർലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടാണ് സിൽവർലൈൻ വിരുദ്ധ സമിതി സെക്രട്ടറിയേറ്റിനു മുൻപിൽ ഉപവാസ സമരം നടത്തുന്നത്.
സിൽവർലൈൻ പദ്ധതിയെക്കുറിച്ച് യാതൊന്നും ജനങ്ങളെ ബോധിപ്പിക്കാൻ സർക്കാരിന് കഴിയുന്നില്ല എന്നും വി എം സുധീരൻ വിമർശിച്ചു. തുടക്കം മുതൽ ഇതുവരെ ഒരു രഹസ്യ അജണ്ടയായി ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ കാരണം അതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിക്ക് വേണ്ടി ഭൂമി മരവിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്നും സിൽവർലൈൻ വിരുദ്ധസമിതി ആവശ്യപ്പെട്ടു.
Discussion about this post