ന്യൂഡൽഹി:മുസ്ലീം ലീഗ് (മസ്രത്ത് ആലം വിഭാഗം)ജമ്മുകശ്മീരിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് പ്രഖ്യാപനം നടത്തിയത്. തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമാണ് സംഘടനയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി നേതൃത്വം നൽകിയ ഓൾ ഇന്ത്യ ഹുറിയത്ത് കോൺഫറൻസിന്റെ ഉപവിഭാഗത്തിന്റെ ഇടക്കാല ചെയർമാൻ മസറത്ത് ആലമാണ് സംഘടനയെ നയിക്കുന്നത്.
‘ഈ സംഘടനയും അതിന്റെ അംഗങ്ങളും ജമ്മു കശ്മീരിലെ ദേശവിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ജമ്മു കശ്മീരിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഘടനയാണിത്. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവർത്തിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി അമിത് ഷാ ചൂണ്ടിക്കാട്ടി.
2010ൽ കശ്മീരിൽ നടന്ന വിഘടന പ്രതിഷേധങ്ങളുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു മസറത്ത് ആലം. ആ പ്രതിഷേധങ്ങൾക്ക് ശേഷം മറ്റ് നിരവധി നേതാക്കൾക്കൊപ്പം ഇയാളെ അറസ്റ്റ് ചെയ്യുകയും 2015-ൽ അന്നത്തെ മെഹബൂബ മുഫ്തി സർക്കാർ വിട്ടയക്കുകയും ചെയ്യുകയായിരുന്നു.
Discussion about this post