കൊച്ചി: എത്ര വികസിച്ചെന്ന് പറഞ്ഞാലും കേരളം എന്നും അനുഭവിക്കുന്ന പ്രശ്‌നമാണ് സുഗമമായ ഗതാഗതം. ഈ പ്രശ്‌നം ലഘൂകരിക്കുന്നതിനായി കേന്ദ്രസർക്കാർ മുൻകൈ എടുത്ത് നടത്തുന്ന ദേശീയപാതകളുടെയും പാലങ്ങളുടെയും നിർമ്മാണങ്ങൾ അധിവേഗം പുരോഗമിക്കുകയാണ്. ഇതിനൊപ്പം റെയിൽഗതാഗതവും കൂടുതൽ സൗകര്യപ്രദമായി മാറുന്നുണ്ട്. വിഷുകൈനീട്ടമായും ഓണസമ്മാനമായും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് സമ്മാനിച്ചപ്പോൾ ഇരു കൈയ്യും നീട്ടിയാണ് മലയാളികൾ അത് സ്വീകരിച്ചത്. ഈ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ മലയാളികളുടെ യാത്രക്ലേശം പരിഹരിക്കാനായി ചെന്നൈയിൽ നിന്ന് കോഴിക്കോട് വരെ സ്‌പെഷ്യൽ വന്ദേഭാരതും സർക്കാർ ഒരുക്കി.
ഇപ്പോഴിതാ റെയിൽഗതാഗതത്തെ സംബന്ധിച്ച് പുതിയൊരു സന്തോഷവാർത്തകൂടി പുറത്ത് വന്നിരിക്കുകയാണ്. ഹ്രസ്വദൂര റെയിൽ യാത്രാദുരിതം പരിഹരിക്കുന്നതിന് ആറ് മെമു സർവീസുകൾ കൂടി അനുവദിക്കണമെന്ന നിർദ്ദേശം കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്നാണ് വിവരം. റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റിയാണ് നിർദ്ദേശം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും റെയിൽവേ ബോർഡിനും സമർപ്പിച്ചത്. അംഗീകാരമായാൽ വിദ്യാർത്ഥികളുടേയും ജോലിക്കാരുടേയും യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി. ഇതോടെ കേരളത്തിലെ ഏതാനും ചില ജില്ലകൾക്ക് ലോട്ടറി തന്നെയാവും അടിക്കുക.
തിരുവനന്തപുരം, കായംകുളം, കോട്ടയം, കൊച്ചി, ഷൊർണൂർ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ സർവീസുകൾക്കാണ് നിർദ്ദേശം. മെമു ട്രെയിനുകൾ പ്രധാന റൂട്ടുകളിൽ തുടർച്ചയായി ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. റെയിൽവേ പുതുതായി അവതരിപ്പിക്കുന്ന വന്ദേമെട്രോയും കേരളം പ്രതീക്ഷിക്കുന്നു. ഇത് മെമു മാതൃകയിലുള്ളതാണ്. വരാനിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കേരളത്തിന് അനുവദിക്കണമെന്നും കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രാവർത്തികമായാൽ സംസ്ഥാനത്തെ വലിയ ഒരു ഗതാഗത പ്രശ്‌നത്തിന് മികച്ച പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Discussion about this post