തിരുവനന്തപുരം: മന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുകയെന്നാണ് കരുതുന്നതെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട്. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. മന്ത്രിയായാൽ കെഎസ്ആര്‍ടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എല്ലാവരും സഹകരിച്ചാൽ കെഎസ്ആര്‍ടിസിയെ വിജയിപ്പിക്കാം. ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെഎസ്ആർടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമാ താരം എന്ന നിലയിൽ സിനിമ വകുപ്പ് കൂടി കിട്ടിയാൽ സന്തോഷമെന്നും നിയുക്ത മന്ത്രി പറഞ്ഞു. സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടില്ല. കേരളത്തിലെ സിനിമ മേഖലക്കും തിയറ്ററുകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് മുൻപ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post