മുംബൈ : ഇന്ത്യൻ നാവികസേന നവീകരിച്ച ഡിസൈനിലുള്ള എപ്പൗലെറ്റുകൾ പുറത്തിറക്കി. ഡിസംബർ നാലിന് മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നടന്ന നാവിക ദിന ആഘോഷച്ചടങ്ങിൽ നാവികസേന ഉദ്യോഗസ്ഥർക്കായി പുതിയ ഡിസൈൻ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഭാരതീയ പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ഡിസൈൻ ആയിരിക്കും ഇനിമുതൽ നാവികസേന ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളെന്നും പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.
ഛത്രപതി ശിവജിയുടെ രാജമുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് പുതിയ ഡിസൈൻ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. നിലവിൽ നാവികസേനയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥർക്കായാണ് പുതിയ ഡിസൈനിലുള്ള എപ്പൗലെറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. അഡ്മിറൽ, വൈസ് അഡ്മിറൽ, റിയർ അഡ്മിറൽ എന്നീ പദവികൾക്കാണ് ആദ്യഘട്ടത്തിൽ പുതിയ എപ്പൗലെറ്റുകൾ നൽകുക.
ബ്രിട്ടീഷ് ഭരണകാലത്ത് അവതരിപ്പിച്ച കൊളോണിയൽ പാരമ്പര്യത്തിലുള്ള നെൽസൺസ് റിംഗ് ആയിരുന്നു ഇതുവരെ ഇന്ത്യൻ നാവികസേനയുടെ അടയാളമായി ഉപയോഗിച്ചിരുന്നത്. വികസനയുടെ പതാകയും മറ്റു അടയാളങ്ങളും ഭാരതീയ പാരമ്പര്യത്തിലേക്ക് മാറ്റുന്നത് അടിമത്തത്തിന്റെ മാനസികാവസ്ഥ ഉപേക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.










