തിരുവനന്തപുരം : തൃശൂർ പൂരത്തിന് പൂരം മൈതാനത്തിന്റെ തറവാടക ഉയർത്തിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു. വിഷയം ചർച്ച ചെയ്യാൻ ദേവസ്വം പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഓൺലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്.
തൃശൂർപൂരം പ്രതിസന്ധിയെക്കുറിച്ച് ബുധനാഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ പൂരം സംഘാടകരായ ദേവസ്വങ്ങള്‍ നീക്കം നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികളും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കും.
പൂരം മൈതാനത്തിന്റെ തറവാടക കൊച്ചിൻ ദേവസ്വം ബോർഡ് ആറിരട്ടിയായി വർദ്ധിപ്പിച്ചതോടെയാണ് തൃശ്ശൂർ പൂരത്തിന് പ്രതിസന്ധിയുണ്ടായത്.
കഴിഞ്ഞ വർഷം 39 ലക്ഷം രൂപ ഈടാക്കിയ തറവാടക ഇക്കൊല്ലം 2.20 കോടിയായി കൊച്ചിൻ ദേവസ്വം ബോർഡ് ഉയർത്തുകയായിരുന്നു. മന്ത്രിമാരായ കെ.രാജനും കെ.രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായില്ല.
Discussion about this post